Wednesday, August 29, 2012

എന്റെ ചിരി

നേരിയ മഴയത്തും ആ ചിരി മാഞ്ഞില്ല. ചിരിക്കുന്നത് എന്റെ കര്‍മമാണ്. അതില്ലാതെ എനിക്കിവിടെ നില നില്ക്കാന്‍ പറ്റില്ല. എന്ന് എന്റെ ചിരി ഇല്ലാതാവുന്നോ, അതിനര്‍ത്ഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ല എന്ന് തന്നെ. 

എന്താ പറ്റിയത്? തറവാട്ടിലെ ഏറ്റവും പ്രതാപ ശാലിയായ എനിക്ക് തന്നെ ഈ ഗതി എങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം എങ്ങിനെ ആയിരിക്കും? ആരോട് ചോദിക്കും? അവര്‍ക്ക് ഇനി ചിരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചു ദൂരം കൂടി ചിരിക്കാം.  ആരെയെങ്കിലും കൂട്ടിനു കിട്ടിയാല്‍ അത്രയും ഉച്ചത്തില്‍ ചിരിക്കാം..

തത്കാലത്തേക്ക് ആശ്വാസം..ഭദ്ര അല്ലെ അത്. എനിക്ക് എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ ആശ്വാസം തരുന്നവള്‍., എന്റെ മകള്‍......:: .ഈ വര്‍ഷവും അവള്‍ കഷ്ടപ്പെട്ട് ചിരിക്കുകയാണ്. അത് കൊണ്ട് എനിക്കും കുറച്ചു ഉച്ചത്തില്‍ ചിരിക്കാം. 

ഞാന്‍ : ഭദ്രേ, കുറെ നേരം ചിരിച്ചു ഞാന്‍., കൂട്ടിനു ആരുമില്ല. ഇങ്ങിനെ എത്ര കാലം?
ഭദ്ര: അറിയില്ല അമ്മെ.  അല്ലെങ്കില്‍  തന്നെ ശരീരം മൊത്തം കൊത്തി കീറിയിരിക്കുന്നു. അതിന്റെ കൂടെ മഴ കൂടി ഇങ്ങിനെ ആയാല്‍, ഇനിയെത്ര കാലം..അറിയില്ല. 
ഞാന്‍ : ശരിയാണ് മകളെ, നമ്മള്‍ക്ക് കരയാന്‍ പാടില്ല. നമ്മുടെ ശരീരം  വ്രണപെട്ടിരിക്കുന്നു,  ചിരിക്കാന്‍ വയ്യാത്ത അവസ്ഥ, പക്ഷെ കരയാന്‍ പാടില്ല നമ്മള്‍ക്ക്, ചിരിയാണ് നമ്മുടെ കര്‍മം. 
ഭദ്ര: ഒരിക്കല്‍ പോലും നമ്മള്‍ വഴി മാറി ചിരിച്ചിട്ടില്ല, കൃഷി നാശം സംഭവിപ്പിച്ചോ? രോഗങ്ങള്‍ വരുത്തിയോ, ആള്‍ക്കാരെ കൊന്നോ? എന്നിട്ടും നമ്മളെ എന്തിനവര്‍ മുറിവേല്‍പ്പിക്കുന്നു. 
ഞാന്‍ നെടുവീര്‍പെട്ടു. ഒരമ്മക്ക് മകളോട് പറയാന്‍ വാക്കുകള്‍ ഇല്ല. ചിരിക്കാം കുറച്ചു കാലം കൂടി...അത് കഴിഞ്ഞു മരിക്കാം. മക്കളുടെ മരണം എല്ലാം കണ്ടു വേണം മരിക്കാന്‍ ...ആ വേദന എങ്ങിനെ സഹിക്കും?

ചിരി: പുഴയുടെ ഒഴുക്ക്. മരണപെട്ടുകൊണ്ടിരിക്കുന്ന പുഴകളുടെയും അവയുടെ കൈ വഴികളുടെയും വേദന.