Saturday, December 24, 2011

എന്ഷിമ അഥവാ ഷിമ

സബ് സഹാറന്‍ ആഫ്രിക്കയിലെ ഒരു മിനി ഇന്ത്യയാണ് സാംബിയ. എല്ലാം അത് തന്നെ- കാലാവസ്ഥ, പട്ടിണി, പണം, റോഡുകള്‍, പോലീസ്. മുംബൈ - നൈറോബി - ലുബുമ്പഷി വഴി  എന്ടോള എന്ന സംബ്യന്‍ നഗരത്തില്‍ ഇറങ്ങി ആദ്യം കാണുന്ന ബോര്‍ഡ്‌ നമ്മുടെ ഭാരതി എയര്‍ടെല്‍ ആണ്. എന്ടോള യില്‍ ഇന്ത്യന്‍ കുടിയേറ്റം ശക്തമാണ്, എന്ടോളയില്‍ മാത്രമല്ല, ഈ നഗരം സ്ഥിതി ചെയുന്ന കോപ്പെര്‍ബെല്‍റ്റ് പ്രവിന്ശ്യയിലെ കിട്വെ, ലുവാന്ശ്യ  തുടങ്ങിയ  നഗരങ്ങളിലും കുടിയേറ്റം ശക്തമാണ്. സ്വാധീനവും. 
നമ്മുടെ തിരുവനന്തപുരം ബസ്‌ സ്റ്റേഷന്‍ ന്റെ വലുപ്പം ആണ് എന്ടോള എയര്‍പോര്‍ട്ടിനു. അതിനു മുന്പ് കിട്ടുന്ന ലുബുമ്പഷി കോങ്ഗോ യിലാണ് സ്ഥിതി ചെയുന്നത്. കോപ്പെര്‍, കൊബാള്‍ട്ട് തുടങ്ങിയ ധാതുക്കളുടെ കേന്ദ്രമാണ് ഇവിടം.  കോങ്ഗോയുടെയും  സാംബിയയുടെയും സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത് കൃഷിയും, ചെമ്പും കൊണ്ടാണെന്ന് തന്നെ പറയാം.  
എന്ടോള യില്‍ ഇറങ്ങി ലുആ൯ഷ്യയിലേക്കാണ് എനിക്ക് പോകേണ്ടിയിരുന്നത്‌. ആ യാത്രയില്‍ തന്നെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈനയുടെ സ്വാധീനം മനസിലാക്കാന്‍ പറ്റി. എങ്ങും എവിടെയും ചൈനയുടെ പ്രസന്‍സ്. പബ്ലിക്‌ ബസ്സുകളില്‍ പോലും ചൈനീസ് ലിപികള്‍..... ....,ചൈന ഇവിടെ ഒരു പാട് കോപ്പേര്‍ മൈനുകള്‍ നടത്തുന്നു, ഒരു പാട് കൃഷി ഭൂമി പാട്ടത്തിനെടുത്ത് വിളവെടുക്കുന്നു അങ്ങിനെ ആകെ കൂടി ഒരു ചൈന മയം. തൊട്ടു താഴെ ഇന്ത്യയും ഉണ്ട് :)

സാംബിയയിലെ ഹൈവേ. നീല നിറത്തില്‍ ഉള്ള മിനി ബസ്സുകള്‍ ആണ് ഇവിടെ ഹ്രസ്വ ദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. 
ആകെ കൂടി  1.3 കോടിയാണ് സാംബിയയുടെ ജനസംഖ്യ, കേരളത്തിന്റെ 4 ഇരട്ടി സ്ഥലം ഉണ്ട് . അത് കൊണ്ട് തന്നെ നോക്കെത്താ ദൂരത്തോളം ഭൂമി വെറുതെ കിടക്കുന്നു. റിയല്‍ എസ്റ്റേറ്റ്‌ പ്രഭുക്കള്‍ ഇവിടെ ഇത് വരെ വന്നു കളിക്കാത്തത് എന്താണാവോ എന്തോ. സാംബിയിലെ ഏറ്റവും പുരോഗമിച്ച പ്രവിന്ശ്യയാണ് കോപ്പെര്‍ ബെല്‍റ്റ്. തലസ്ഥാനമായ ലുസാക മാത്രമാണ് ഇതിനെക്കാള്‍ വാണിജ്യ വത്കരിക്കപ്പെട്ട സ്ഥലം. ചോളം ആണ് പ്രധാന ആഹാരം.  65% അധികം വരുന്ന ജനങ്ങള്‍ പട്ടിണിയിലാണ്. ഇവര്‍ ഗ്രാമങ്ങളില്‍ വസിക്കുന്നു. സ്വന്തമായി കൃഷി ചെയ്തു ഉണ്ടാക്കുന്ന ധാന്യങ്ങള്‍ ആണ് ഇവരുടെ ആഹാരം. തൊഴില്‍ ഇല്ലായ്മ രൂക്ഷമാണ് ഇവിടെ. പറ്റുന്ന സ്ഥലങ്ങളില്‍ ഒക്കെ ചോളവും കപ്പല്ലണ്ടിയും കൃഷി ചെയ്യുന്നു. ചോളം കൊണ്ടുനടക്കുന്ന എന്ഷിമ ആണ് സാമ്ബിയക്കാരുടെ പ്രധാന ആഹാരം. ഇതില്ലാതെ സാംബിയന്‍ ജനതയ്ക്ക് ജീവിക്കാന്‍ പറ്റില്ല എന്നാണ് ഡ്രൈവര്‍ സുലു പറഞ്ഞത്. 

സാംബിയയിലെ ചോളം കൃഷി 
ആഫ്രിക്കക്കാരന്‍ അല്ലാത്ത ആരും സാംബിയന്‍ ജനതയ്ക്ക് ഇന്നും അത്ഭുതവും ആദരവും ആണ്. നഗരങ്ങളില്‍ ഒരു തരം പാശ്ചാത്യ സംസ്കാരം തന്നെയാണ് ഇവര്‍ പിന്തുടരുന്നത്. കോകകോളയും പെപ്സിയും പബ്ബുകളും വസ്ത്രധാരണ രീതിയും എല്ലാം പാശ്ചാത്യ വത്കരിക്കപ്പെട്ടിരിക്കുന്നു. ചെമ്പ് ഖനന മേഖലയില്‍ ഉണ്ടായ ചൂഷണം നിമിത്തവും, ചെമ്പിന്റെ വിലയില്‍ വന്ന വീഴ്ചയും എല്ലാം കാരണം സമ്പദ് വ്യവസ്ഥ തകര്‍ന്നു കിടക്കുകയാണ്. മിക്കതും ഇപ്പോള്‍ ചൈനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. 
ചൈന കഴിഞ്ഞാല്‍ ഇവിടെ ശക്തമായ സാന്നിധ്യം ഉള്ളത് ഇന്ത്യയുടെതാണ്. എന്ടോള, കിട്വെ, ലുവാന്ശ്യ തുടങ്ങിയ പട്ടണങ്ങളില്‍ ഒക്കെ ഇന്ത്യന്‍ സമൂഹം ശക്തമായ സ്വാധീനം ഉള്ളവരാണ്. മിക്ക കെട്ടിടങ്ങളും കടകളും ഇന്ത്യക്കാരുടെത്. ലുവാന്ശ്യ പോലുള്ള ചെറു പട്ടണങ്ങളില്‍ പോലും ഇന്ത്യന്‍ സാന്നിധ്യം ശക്തമാണ്. ഇന്ത്യക്കാരോട് സാംബിയന്‍ ജനതയ്ക്ക് വളരെ ബഹുമാനമാണ്. ഗാന്ധിജി ഇവിടെ അതി പ്രശസ്തന്‍.. അത് പോലെ തന്നെ  ക്രിക്കറ്റാണ് ഇന്ത്യയുടെ കളി എന്ന് എല്ലാവരുടെയും അഭിപ്രായം. അത് പോലെ ടാറ്റാ ഇവിടെ ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമാണ്. ട്രക്കുകള്‍ ടാറ്റാ യുടേത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 

ലുവാന്ശ്യ പട്ടണം 

ഇനി ഏറ്റവും രസകരമായ സംഭവം. വില നിലവാര പട്ടികയും ജീവിത ഗുണ നിലവാരവും. ക്വാച്ച ആണ് സാംബിയന്‍ കറന്‍സി. 100 ക്വാച്ച = 1 രൂപ. അതായത് നമ്മുടെ ഒരു പൈസ ആണ് ഒരു ക്വാച്ച. ഒരു ദിനപത്രം = 3000  ക്വാച്ച  അതായത് നമ്മുടെ  30 രൂപ.500ml കോകകോള =  8000 ക്വാച്ച അതായത് 80 രൂപ. പെട്രോള്‍ നമ്മുടെ നാടിലെ വില തന്നെ - 80 രൂപ. ഡീസലിന് വില കൂടുതലാണ് - 75 രൂപ. നമ്മുടെ നാട്ടില്‍ കിട്ടുന്ന വെള്ളത്തിന്‌  15രൂപ ആണെങ്കില്‍ ഇവിടെ അത് ഏകദേശം 3000 ക്വാച്ച ആണ്, അതായതു  30  രൂപ.നാണയങ്ങള്‍ ഇവിടെ ഉപയോഗിക്കാറില്ല.  100 ക്വാച്ച മുതല്‍ ഉള്ള കറന്‍സി ഉണ്ടെങ്കിലും  1000 ക്വാച്ച തൊട്ടാണ് സാധാരണയായി ഉപയോഗിക്കാറ്.
ലുവാന്ശ്യ പട്ടണത്തിലെ ഒരു ധനികന്റെ വീട് 
ദോഷം പറയരുതല്ലോ നമ്മുടെ കേരളത്തിന്റെ വേറൊരു രൂപമാണ് സാംബിയ. മഴക്കാലത്ത്‌ റോഡുകള്‍ തോടുകളാവും. ഹൈവേ പോലീസ് കീശയിലേക്ക്‌ കുറച്ചു ക്വാച്ചകള്‍ വീഴാന്‍ വേണ്ടി പരുന്തിനെ പോലെ വീക്ഷിച്ചു കാരണങ്ങള്‍ കണ്ടു പിടിച്ചു പിഴ ഈടാക്കും. ഡ്രൈവര്‍മാര്‍ ഫോണില്‍ സംസാരിച്ചോണ്ട്‌ വണ്ടി ഓടിക്കും. സീറ്റ്‌ ബെല്‍റ്റ് പോലീസിനെ കാണുമ്പോള്‍ വലിച്ചിടും. പട്ടണങ്ങളിലെ മാര്‍ക്കറ്റില്‍ മൂക്ക് പൊത്തി നടക്കാന്‍ വയ്യ. പക്ഷെ ഒരു ഗുണം ഉണ്ട്, റോഡരികില്‍ കേരളത്തിലെ പോലെ മാലിന്യങ്ങള്‍ ഇവര്‍ ഇടാറില്ല.  വീട് നിര്‍മാണ രീതിയും വ്യത്യസ്തമാണ്. മേല്‍ക്കൂരയായി ഇവര്‍ ഇരുമ്പ് തകിടാണ് യൂസ് ചെയുന്നത്. പിന്നെ ബഹു നില മാളികകള്‍ ഇല്ലെന്നു തന്നെ പറയാം. പിന്നെ കാഷില്ലാത്തവരുടെ വീട് അവിടെയും ഇവിടെയും എവിടെയും ഒരു പോലെ തന്നെ, കടകളുടെ തിണ്ണയോ അല്ലെങ്കില്‍ ഒരു മണ്ണിന്റെ കൂര. 'anthouse' അതായത് ഉറുമ്പുകളുടെ വീട് വളരെ വ്യാപകമായി സാംബിയയില്‍ എല്ലായിടത്തും കാണാന്‍ പറ്റും.25 അടി ഉയരം വരെ ഉള്ള ഉറുമ്പ് വീടുകള്‍ ഇവിടെ സര്‍വ സാധാരണമാണ്.ഒരു മണ് കൂന പോലെയാണ് ഇത് കാണപ്പെടുക. ഇതിനു മുകളില്‍ വന്‍ മരങ്ങള്‍ പോലും ഉണ്ടാവാറുണ്ട്.മിക്കപോഴും കൃഷിക്ക് വേണ്ടിയോ അല്ലെങ്കില്‍ വനങ്ങള്‍ നശിപ്പിക്കുമ്പോഴും ആയിരിക്കും ഇത് നശിപ്പിക്കപ്പെടുന്നത്‌.............
ഉറുമ്പുകളുടെ വീട് 
എച് ഐ വി, വന നശീകരണം, കാറുകള്‍, കോപ്പര്‍ മൈനുകള്‍ , ചിത്രങ്ങള്‍ ...സാംബിയന്‍ വിശേഷങ്ങള്‍ ഇനിയും ബാക്കി. അടുത്ത പോസ്റ്റില്‍ .....

2 comments:

  1. സാംബിയന്‍ വിശേഷങ്ങള്‍ നന്നായിരിക്കുന്നു.കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളുമായി വീണ്ടും വരൂ....

    ReplyDelete
  2. കുട്ടിക്കാലത്ത് സാംബിയയുടെ സ്റ്റാമ്പ് ഉണ്ടായിരുന്നു...അല്ലാത കാര്യമായൊഇന്നും സാംബിയയെക്കുറിച്ചറിയില്ല..തുടർന്നെഴുതൂ..

    സസ്നേഹം,
    പഥികൻ

    ReplyDelete