Sunday, August 14, 2011

വിവേകവും ഗര്‍ഭിണിയും II

ഇതിന്റെ ആദ്യത്തെ ഭാഗം ദാ ഇവിടെവായിക്കാം.
തോടുകളില്‍ കൂടി സാധാരണ ഓടിക്കേണ്ടത് കടലാസ് തോണികളാണ് അല്ലാതെ ഇരു ചക്ര വാഹനങ്ങളും, കാറുകളും ബസ്സുകളും അല്ല.
ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സിമ്പല്‍ ആണ് അവിടുത്തെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് സംവിധാനവും, ഗതാഗത യോഗ്യമായ റോഡുകളും. കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംഭവിച്ച ആ ദുരന്തം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. കണ്ണൂരിലെ പിലാത്തറ സ്വദേശിനിക്കാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. മാതൃഭുമിയില്‍ വന്ന വാര്‍ത്ത‍ ഇവിടെ.
കേരളത്തിന്റെ ഒരു ഭാഗമാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇത് കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും അറിയാത്ത കാര്യമല്ല. അവരൊക്കെ മിനിമം എസ് എസ് എല്‍ സി വരെ പഠിച്ചു കാണും എന്നാണ് എന്റെ വിശ്വാസം. ഇവിടെ 50 ടണ്‍ വരെ ഭാരമുള്ള ചരക്കു വണ്ടികള്‍ ഓടുന്നുണ്ട് എന്നും അറിയാത്തവര്‍ ഇല്ലായിരിക്കും. പിന്നെയും എങ്ങിനെയാണ് ഇവര്‍ കാലവര്‍ഷത്തിനെയും ഭാരമുള്ള വണ്ടികളെയും ദൂഷ്യം പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത്.
കാസര്‍ഗോഡ്‌ ജില്ലയിലെ ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടും, കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടും തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടില്‍ കുറച്ചു ദിവസം മുന്നേയാണ്‌ കുന്നിടിഞ്ഞു ഗതാഗതം തടസപ്പെട്ടത്, മണ്ണ് നീക്കിയതിന് ശേഷം ഇതില്‍ കൂടി ബസ്സുകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ആയിരിക്കുകയാണ്. കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടിന്റെ കാര്യം ഇതിലും ദയനീയമാണ്. കുറച്ചു ദിവസം മുന്നേയാണ്‌ ഒരു സ്ത്രീ ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണു മരിച്ചത്.
ഇവിടെ മഴ വരും എന്ന് അറിയാതെയാണോ ഇവര്‍ റോഡ്‌ നിര്‍മിക്കുന്നത്. കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവരുടെ കൊട്ടാര സദൃശമായ സൌധങ്ങള്‍ ഉയര്‍ന്നു വരുന്നത് അന്വേഷണ വിധേയമാവാത്തത് എന്തെ? റോഡ്‌ നിര്‍മിക്കേണ്ട ഫണ്ടില്‍ നിന്ന് വക തിരിച്ചു ഉണ്ടാക്കുന്ന കള്ള പണമാണ് ഇതൊക്കെ എന്ന് അറിയാന്‍ സി ബി ഐ അന്വേഷണം ഒന്നും വേണ്ട. കുറച്ചു പേര്‍ക്ക് മാത്രം ഉണ്ടാവുന്ന സൌഭാഗ്യതിനു വില കൊടുക്കേണ്ടി വരുന്നത് ആരൊക്കെയാണ് എന്തൊക്കെയാണ്. ഒന്നാലോചിച്ചിട്ടുണ്ടോ ഈ സോഷ്യല്‍ സെര്‍വന്റ്സ്.

  1. വര്‍ഷം തോറും റോഡുകള്‍ക്ക് വേണ്ടി വരുന്ന അറ്റകുറ്റ പണികള്‍.
  2. വാഹന ഉടമയ്ക്കും സര്‍കാരിനും ഉണ്ടാവുന്ന വാഹന മൈന്റെനന്‍സ് ചിലവുകള്‍, അത് മൂലം ഉണ്ടാവുന്ന നഷ്ടങ്ങള്‍.
  3. ഇന്ധന നഷ്ടം, അതും നമ്മുടെ ഈ സാഹചര്യങ്ങളില്‍.
  4. യാത്രകാര്‍ക്ക് ഉണ്ടാവുന്ന സമയ നഷ്ടം.
  5. യാത്രക്കാര്‍ക്ക് സംഭവിക്കുന്ന ആരോഗ്യ പരമായ നഷ്ടങ്ങള്‍.
  6. സമയം വൈകിയത് കൊണ്ട് മരണപ്പാച്ചില്‍ നടത്തുന്ന വാഹങ്ങള്‍, തത് ഫലമായി ഉണ്ടാവുന്ന ജീവഹാനിയും പരുക്കുകളും.
  7. ടൂറിസം മേഖലയില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍, ഇങ്ങിനെയുള്ള റോഡുകളില്‍ കൂടി ആര് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും?
  8. സംരംഭകര്‍ വരാന്‍ മടിക്കുന്നു, തത് ഫലമായി നിക്ഷേപങ്ങള്‍ ഉണ്ടാവുന്നില്ല, തൊഴില്‍ മേഖലയില്‍ ഇത് മൂലം ഉണ്ടാവുന്ന നഷ്ടം.
  9. എമര്‍ജന്‍സി കേസുകള്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ പറ്റാതെ ഉണ്ടാവുന്ന ജീവഹാനികള്‍.

അങ്ങിനെ ഒരു പാട് മേഖകളെ ഇത് ബാധിക്കുന്നുണ്ട്. എന്നിട്ടും ഇത്രയും വര്‍ഷമായി ഇതിനൊരു പരിഹാരം കാണാന്‍ ഇവിടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് പറ്റുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഇവര്‍ ഭരിക്കുന്നത്‌? ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ദേശീയ പാതയാണ് ഇതെന്ന് ഓര്‍ക്കണം.

ചട്ടഞ്ചാല്‍ - തെക്കില്‍ പാതയില്‍ കുന്നിടിഞ്ഞപ്പോള്‍ 

ദേശീയ പാതയുടെ ദയനീയാവസ്ഥ 


മരണപ്പാച്ചില്‍, ഓവര്‍ടേക്ക് ചെയുന്ന രീതികളില്‍ ഒന്ന് 

ഓവര്‍ ടേക്ക് ചെയ്തു റോഡില്‍ കേറിയതിനു ശേഷം
തിരഞ്ഞെടുപ്പ് ആയതു കൊണ്ട് കാസര്‍ഗോഡ്‌ - തലപ്പാടി റോഡ്‌ നവീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ വിനിയോഗിക്കാന്‍ പറ്റാത്തത് കൊണ്ട് ഫണ്ട്‌ ലാപ്സ് ആയെന്നാണ്‌ അവസാനമായി അറിയാന്‍ കഴിഞ്ഞത്. സന്തോഷമായി. ഫണ്ട്‌ ഇല്ലാത്തോണ്ട് അടുത്ത കാല വര്‍ഷം വരെ പണി തുടങ്ങാന്‍ പറ്റില്ല, പിന്നെ കാലവര്‍ഷത്തില്‍ തീരെ പറ്റില്ലല്ലോ. അപ്പോഴേക്കും കേന്ദ്ര സര്‍ക്കാര്‍ വീഴുമായിരിക്കും, അത് കഴിഞ്ഞാല്‍ ടാര്‍ കിട്ടില്ല, പിന്നെ വീണ്ടും കാല വര്‍ഷം, തിരഞ്ഞെടുപ്പ്, സംസ്ഥാന സര്‍ക്കാര്‍ മാറുന്നു, ഹൈ കോടതി നിര്‍മാണം സ്റ്റേ ചെയ്തു, വീണ്ടും കാലവര്‍ഷം...ഹാപ്പി...ഹാപ്പി...

2 comments:

  1. അതിന്റെ കൂടെ ഇതും കൂടി ഒന്ന് കൂട്ടി വായിക്കുക - http://www.narendramodi.in/poststory/story_detail/375

    ReplyDelete
  2. മിക്ക റോഡുകളുടേയും അവസ്ഥ ഇതു തന്നെ. എത്ര എളുപ്പം കേട് വരുന്നുവോ അത്രയും നന്ന്. ഉപയോഗിക്കുമ്പോള്‍ തേഞ്ഞു പോവാത്ത സോപ്പ് ഉണ്ടാക്കാന്‍ ഏതെങ്കിലും കമ്പിനി തയ്യാറാകുമോ. അതുപോലെ തന്നെ റോഡ് പണിയും 

    ReplyDelete