Thursday, July 21, 2011

ഒരു എന്‍ സി സി ചരമകുറിപ്പ്

ഓക്കേ ..സംഭവം നടക്കുന്നത് ഒരു 12 വര്‍ഷം മുന്‍പ് ..കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കാലം. കാസര്‍ഗോഡ്‌ ജില്ലയിലെ ഏറ്റവും ആദ്യത്തെ സ്കൂളുകളില്‍ ഒന്നും, സംസ്ഥാനത്തെ തന്നെ പ്രമുഖ സ്കൂള്‍ ആയ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന കാലം.
ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ എന്‍ സി സി യില്‍ ചേര്‍ന്നു. ഒന്നും പറയേണ്ട, സാവധാന്‍, തേസ് ചല്‍..ആഗെ മുട്, പീച്ചേ മുട്......നമ്മുടെയൊക്കെ പ്രിയപ്പെട്ട രവി മാഷാണ് നമ്മുടെ ക്യാപ്റ്റന്‍. (സാറിനു പോലും അറിയാം സാറിനെ ആരും അങ്ങിനെ വിളിക്കാറില്ല എന്ന്...ആ പേര് തല്‍ക്കാലം ഇവിടെ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.)

ഞാന്‍ ..എന്റെ കൂടെ ബൈജുവും,കാലന്‍ അനീഷും എന്‍ സി സി യില്‍ ചേര്‍ന്ന്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ചേര്‍ന്ന് ആദ്യത്തെ കുറച്ചു ആഴ്ചകള്‍ പ്രശ്നമില്ലാതെ പോയി. ആഴ്ചയില്‍ തിങ്കളും ചൊവ്വയും ആണ് പരേഡ് ഉള്ളത്. കുറച്ചു ആഴ്ചകള്‍ക്ക് ശേഷം ഞാനും ബൈജുവും സ്ഥിരമായി മുങ്ങാന്‍ തുടങ്ങി. ഒരു നാല് അഞ്ചു ആഴ്ച ഈ പതിവ് തുടര്‍ന്ന്. ഒരു 4000+ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആണ്. പക്ഷെ വിചാരിക്കുന്ന പോലെ എളുപ്പമല്ല മുങ്ങാന്‍. ഒന്നാമത് രവി മാഷ്‌ എവിടെ ഉണ്ടാവും എന്ന് പറയാന്‍ പറ്റില്ല. രണ്ടാമത് മുങ്ങിയ ദിവസം സ്കൂളില്‍ ഹാജര്‍ ആയിരുന്നോ എന്ന് നോക്കും. അങ്ങിനെ വളരെ കഷ്ടപ്പെട്ട് തന്ത്രപരമായിട്ടാണ് മുങ്ങി കൊണ്ടിരുന്നത്.
മുങ്ങിയ പിള്ളേരെ വേറെ കേടറ്റ്സിനെ വിട്ടു വിളിപ്പിക്കും. അവര്‍ വന്നു വിളിച്ചാലും നമ്മള്‍ പോകാതായി. പക്ഷെ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നാണല്ലോ. ഒരു തിങ്കളാഴ്ച മാഷ്‌ നമ്മളെ കയ്യോടെ പിടി കൂടി. നമ്മുടെ കൂടെ മുങ്ങിയ വേറെ കുറച്ചു പിള്ളേരും ഉണ്ടായിരുന്നു. ഇന്റെര്‍വല്‍ സമയം..എല്ലാ പിള്ളേരും ക്ലാസിനു വെളിയില്‍ ഉള്ള ടൈം ആണ്. ഇയാളുണ്ടോ വിടുന്നു, എന്താടാ പരേടിനു വരാഞ്ഞത്?ഓരോരുത്തരായി ഓരോ കാരണങ്ങള്‍ പറഞ്ഞു...ഇന്ന് യുണിഫോം കൊണ്ട് വന്നിട്ടുണ്ടോ?...പലരും കൊണ്ട് വന്നിട്ടില്ല, ഉച്ചക്ക് കൊണ്ട് വരും എന്നൊക്കെ പറഞ്ഞു.എനിക്ക് അത് പറയാന്‍ പറ്റില്ല,വീട് കുറെ ദൂരെ ആണല്ലോ. മാഷിനു അത് അറിയുകയും ചെയ്യാം.ബൈജു എന്നാ ദ്രോഹി ഉച്ചക്ക് കൊണ്ട് വരാം എന്ന് പറഞ്ഞത് കൊണ്ട്, മുങ്ങിയ ഇനത്തില്‍ അവനു ഒരടി മാത്രമേ കിട്ടിയുള്ളൂ...അത് പുറത്തേക്കായിരുന്നു. അടുത്ത ഊഴം എന്റേത്...എന്റെ ഗണപതീ...അന്ന് ഞാന്‍ വല്യ ഗണപതി ഭക്തന്‍ ആണ് :).......എന്താടാ മുങ്ങിയത് ഇത്ര ആഴ്ച?...അത് സര്‍, പനി ആയിരുന്നു, ഉത്സവം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.ഇന്ന് യുണിഫോം കൊണ്ടുവന്നിട്ടുണ്ടോ..."ഇല്ല"...പറഞ്ഞു തീര്‍ന്നില്ല..കുനിച്ചു നിര്‍ത്തി മൂന്നെണ്ണം നടുവിലേക്ക്....കണ്ണില്‍ നിന്ന് വെള്ളം വന്നു പോയി..എന്റെ കാവില്‍ ഭഗവതി ശക്തി തരണേ...അടി കൊണ്ടിരുന്നെങ്ങില്‍ ഇത്ര പ്രശ്നം ഇല്ലായിരുന്നു...ഇതിപ്പോ ക്ലാസ്സിലെ പെണ്‍കുട്ടികളുടെയൊക്കെ മുന്നില്‍ വെച്ച്....ആകെ കൂടി പണ്ടാരമടങ്ങി.

ഇതിനു ശേഷം നമ്മള്‍ നന്നായോ? എവിടെ...മുങ്ങല്‍ പിന്നെയും തകൃതിയായി നടന്നു. ഓണ പരീക്ഷ നടക്കുന്ന സമയം, ഒരു വിധത്തിലും മാഷിനു നമ്മളെ കിട്ടുന്നില്ല .പക്ഷെ പരീക്ഷ എഴുതാതിരിക്കില്ലലോ.പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുന്നേ മാഷ്‌ വന്നു ബൈജുവിനെ പൊക്കി...അടി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് മോനെ..(സംഭവം ഞാന്‍ കണ്ടില്ല..കേട്ടറിഞ്ഞു...ബൈജുവിനെ പൊക്കി എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്സാം ഹാള്‍ വിട്ടു ശര വേഗത്തില്‍ രാജേട്ടന്റെ പീടികയുടെ ബാക്കില്‍ സ്ഥാനം പിടിച്ചിരുന്നു)....

പിന്നെയും മുങ്ങല്‍ കഥകള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. അടിയും ഇടിയും ഒക്കെ ആയി ഒരു രണ്ടു വര്‍ഷം. ഇതിനിടയില്‍ മാഷ്‌ പിന്നെയും നമ്മളെ പൊക്കാനായി ഇറങ്ങി. സംഭവം അറിഞ്ഞ പാടെ ഞാന്‍ മുങ്ങി. പക്ഷെ ബൈജുവിന് ആ ചാന്‍സ് കിട്ടിയില്ല, മാഷ്‌ കണ്ടു. പക്ഷെ ബൈജു പിടി കൊടുത്തില്ല. ആ തടിയും വെച്ചോണ്ട് ഓടെടാ ഓട്ടം...മാഷ്‌ പിന്നാലെ ഓടി എന്നാണ് കേട്ടത്..എന്തായാലും ഓടി ഓടി റോഡില്‍ കൂടി പോകുന്ന ഒരു ഓട്ടോയില്‍ ചാടി കേറിയതിനു ശേഷമാണ് ബിജുവിന്റെ ശ്വാസം നേരെ വീണത്‌. രവി മാഷ്‌ടെ അടി അമ്മാതിരിയാണ് മക്കളെ.

ഇതേ പോലെ ഒരു സംഭവം എനിക്കും ഉണ്ടായി. പക്ഷെ ഇപ്പ്രാവശ്യം രവി മാഷല്ല വില്ലന്‍, പുഷ്പലത ടീച്ചര്‍, പ്രിന്‍സിപ്പല്‍ ആയിരുന്നു നമ്മുടെ. ഗിഫ്ടെഡ് ചില്‍ട്രന്‍ എന്ന കേരള സര്‍കാരിന്റെ പരിപാടിയില്‍ സ്കൂളില്‍ നിന്നും സെലക്ട്‌ ചെയ്യപ്പെട്ടത് എന്നെയും എന്റെ സുഹൃത്ത്‌ ആനന്ദിനെയും ആയിരുന്നു. അതിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടി കൊച്ചിയില്‍ പോകാന്‍ പറഞ്ഞു. അവന്‍ പോയി. ഞാന്‍ മുങ്ങി. മുങ്ങി പിറ്റേ ദിവസം പ്രിന്‍സിപലിന്റെ ഓഫീസിനു മുന്നില്‍ കൂടി നടന്നു..മുങ്ങിയ കാര്യം എനിക്കോര്‍മ ഇല്ലായിരുന്നു.ടീച്ചര്‍ എന്നെ കണ്ടു..കൈ പൊക്കി എന്നെ വിളിക്കുന്നത്‌ മാത്രമേ ഓര്‍മയുള്ളൂ. ഞാന്‍ ജീവനും കൊണ്ട് ഓടെടാ ഓട്ടം...പിന്നാലെ ടീച്ചര്‍ രാജീവന്‍ എന്ന പ്യൂണിനെ വിട്ടു. മുന്നില്‍ ഞാന്‍ പിന്നില്‍ രാജീവന്‍..എന്റമ്മേ ഓടി ഓടി, ഓടി കൊണ്ടിരുന്ന ഓട്ടോയില്‍ കേറി ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി ബസ്‌ കേറി, ബസ്‌ വിട്ടതിനു ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്‌. പിന്നെയൊന്നും പറയേണ്ട മക്കളെ, അച്ഛനെ വിളിപ്പിക്കേണ്ടി വന്നു..എന്തിനാ ഓടിയത്, ബസ്‌ പിടിക്കാനായിരുന്നു ടീച്ചര്‍, രാജീവന്‍ വിളിച്ചത് കേട്ടില്ലേ? അയ്യോ രാജീവേട്ടന്‍ എപ്പോ വിളിച്ചു? ഞാന്‍ അറിഞ്ഞേ ഇല്ലല്ലോ...

അങ്ങിനെ അടി ഇടി ഓട്ടം..ആകെ കൂടി ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ തന്നെ........

Sunday, July 10, 2011

ഇതോ മതേതരത്വം?

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടു കിട്ടിയ അമൂല്യ വസ്തുക്കളെ കുറിച്ചല്ല ഈ പോസ്റ്റ്‌. അതിനു ശേഷം അവിടെ നിയോഗിച്ച സെക്യൂരിറ്റിയെ കുറിച്ചാണ്. താഴെ കാണുന്ന ഈ ചിത്രം മിക്ക പ്രമുഖ പത്രങ്ങളിലും വന്നതാണ്.


ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് പറയപ്പെടുന്നു. പക്ഷെ എനിക്കിവിടെ പല മതങ്ങളുടെയും നിയമങ്ങള്‍ നടപ്പിലാക്കുന്ന ഒരു രാഷ്ട്രം എന്നാണ് തോന്നുന്നത്. ഇനി ഇതാണോ മതേതരം എന്ന് കൊണ്ട് ഉദേശിക്കുന്നത് എന്നും മനസിലാവുന്നില്ല.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ സ്വത്തു വകകളെ തീവ്രവാദികളില്‍ നിന്നും ദേശ വിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രത്യേക സെക്യൂരിറ്റി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. പക്ഷെ സെക്യൂരിറ്റി നില്‍ക്കുന്ന പോലീസുകാരന്‍ ഇട്ടിരിക്കുന്ന യുണിഫോം കാണുമ്പോള്‍ ഒരു സംശയം. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ വന്ന ഒരു ഭക്തനാണോ എന്ന്?
ഇന്ത്യാ രാജ്യത്ത് സൈന്യത്തിനായാലും, പോലിസിനായാലും, അര്‍ദ്ധ സൈനികര്‍ക്കായാലും കമാണ്ടോസിനായാലും ഒരു യുണിഫോം നിശ്ചയിച്ചിട്ടുണ്ട്. ആ ട്രൂപിന്റെ നിയമം അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് അല്ലാതെ ഒരു പ്രത്യേക മതത്തില്‍ പെട്ട ഒരു ആരാധനാലയതിന്റ നിയമം അനുസരിച്ചല്ല.
ഒരു രാഷ്ട്രത്തിന്റെ ഐഡന്റിറ്റി ആണ് അവിടുത്തെ മിലിട്ടറി യുണിഫോം. അത് പോലെ തന്നെ ബാക്കിയുള്ള സെക്യൂരിറ്റി ഫോര്‍സിന്റെയും. അതിനെ അവഹേളിക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഇവിടെ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ ഒരു ക്രിസ്ത്യന്‍ പട്ടാളക്കാരന് സെക്യൂരിറ്റി നില്ക്കാന്‍ പറ്റില്ല, ജുമാ മസ്ജിദില്‍ സെക്യൂരിറ്റി നില്‍ക്കുന്നവര്‍ തലയില്‍ തൊപ്പി ഇട്ടേ നിക്കാവൂ, സുവര്‍ണ ക്ഷേത്രത്തില്‍ ഒരു മുസല്‍മാന്‍ വന്നു അശുദ്ധമാക്കരുത്, അല്ലെങ്ങില്‍ വരുന്നവര്‍ മുണ്ടുടുത്തും, സുന്നത് ചെയ്തും, മാമോദിസ മുങ്ങിയും ഒക്കെ വരാവൂ എന്ന് നിയമ ഗ്രന്ഥങ്ങളില്‍ എഴുതി വെക്കുമായിരിക്കും. അതിനെ നമ്മള്‍ക്ക് വിശാല മതേതരത്വ രാഷ്ട്രം എന്നും വിളിക്കാം
കേരളത്തില്‍ താമസിക്കുന്നത് കൊണ്ട് പറയട്ടെ, വളരെ വളരെ നികൃഷ്ടമെന്നു പറയാന്‍ പറ്റുന്ന തലത്തിലേക്ക് ജാതി മത ചിന്ധകള്‍ ഇവിടെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.ന്യൂനപക്ഷ ഭൂരിപക്ഷ വോട്ട് ബാങ്കുകള്‍ എന്നതിലപ്പുറം മറ്റൊരു തലത്തിലേക്ക് ഇതെത്തപ്പെട്ടിരിക്കുന്നു.ഇതേ പറയുന്ന ആരാധനാലയങ്ങളില്‍ പെട്ടെന്ന് ഒരു അപകടം ഉണ്ടാവുന്നെങ്കില്‍ അവിടെ നിഷ്കര്‍ഷിച്ചിട്ടുള നിയമം പാലിക്കുന്ന സൈനികര്‍ക്ക് മാത്രമേ അവിടെ പ്രവേശനം അനുവദിക്കുള്ളൂ. അപ്പോഴും അവിടെ ഉണ്ടാവാന്‍ സാധ്യതയുള്ള ജനങ്ങളുടെ സുരക്ഷ അല്ല, മറിച്ച് മത നിയമത്തിനാണ് പ്രാധാന്യം എങ്കില്‍ അതിനെയും നമ്മള്‍ക്ക് പുകഴ്ത്താം. കാരണം അപ്പോഴും ക്ഷേത്രതിന്റെയോ പള്ളിയുടെയോ ഒന്നും പവിത്രത നഷ്ടപെട്ടിലല്ലോ.

NB: മതേതരത്വം നീണാള്‍ വാഴട്ടെ. മതങ്ങള്‍ അതിനു മുകളില്‍ കൂടി വാഴട്ടെ.