Sunday, June 19, 2011

ബെറി ബെറി

ഒരു വര്‍ഷ കാലത്തിന്റെ മധുരതരമായ ശീതളിമയില്‍ പൂവിടുന്ന സുഖകരമായ ഓര്‍മ്മകള്‍ എന്നൊക്കെ വേണമെങ്കില്‍ ഈ എഴുതാന്‍ പോകുന്നതിനെ പറ്റി പറയാം. പക്ഷെ സത്യം പറഞ്ഞാല്‍ ആ സമയത്ത് ആകെ ചമ്മി നാണം കെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സംഭവം ദാ താഴെ വിവരിച്ചിട്ടുണ്ട്.
എഞ്ചിനീയറിംഗ് പഠനം നടന്നോണ്ടിരിക്കുന്നു എന്ന് നമ്മള്‍ വിശ്വസിച്ചിരുന്ന കാലഘട്ടം, ഞാന്‍, ഉണ്ണി, അരവിന്ദ്, ഹിഷാം എന്നിവരുടെ മെയിന്‍ പണി എന്ന് പറയുന്നത് ഉച്ചയ്ക്ക് ശേഷം 1980 മോഡല്‍ മാരുതി 800 ഇല്‍ കാസറഗോഡ് പോയി സിനിമ കാണുക എന്നതാണ്. ഇല്ലെങ്കില്‍ വീട്ടിലേക്ക്.
അങ്ങിനെയിരിക്കുമ്പോള്‍ ആണ് വന്യ ജീവി വാരാഘോഷം വന്നത്. ഇടവപാതി തകര്‍ത്തു പെയ്യുന്ന സമയം. വല്ല സിനിമയ്ക്ക്‌ പോവുകയോ അതോ വീട്ടില്‍ ഇരുന്നു ഗെയിം കളിക്കുകയോ (കമ്പ്യൂട്ടര്‍ ഗയ്മുകളുടെ ആശാന്മാരാണ് ഉണ്ണിയും ഹിഷാമും) ചെയ്യേണ്ട സമയം. എന്റെ ഒരു ആഗ്രഹം - വന്യ ജീവി വാരാഘോഷം പ്രമാണിച്ച് നടക്കുന്ന ക്വിസ് മത്സരത്തില്‍ ഒന്ന് പങ്കെടുക്കണം. ആഗ്രഹം അറിയിച്ചു. ഓക്കേ അങ്ങിനെയെങ്ങില്‍ അങ്ങിനെ. പ്രസംഗ മത്സരത്തിനു ഉണ്ണിയും പോകാമെന്ന് വെച്ചു. ഷെഡ്യൂള്‍ ചെയ്തു. രാവിലെ ക്വിസ് - ടീം ഈവന്റ് ആണ്, ഞാനും ഉണ്ണിയും. ഉച്ചക്ക് ശേഷം പ്രസംഗം ഉണ്ണിയുടെ വക.

ഹൈ സ്കൂള്‍, പ്ലസ്‌ ടു കാലഘട്ടങ്ങളില്‍ ക്വിസ് മത്സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസം എന്നിലുണ്ട്. ജില്ലയിലെ മികച്ച പ്രാസംഗിഗന്‍ എന്ന വിശ്വാസം ഉണ്ണിക്കും. അങ്ങിനെ തുലാ മാസം ഏതോ ഒരു ദിവസം നമ്മുടെ 1980 മോഡല്‍ മാരുതി 800 ഇല്‍ (അരവിന്ദിന്റെ അമ്മാവന്റെ കാര്‍ ആണ്, നമ്മുടെ ഒരു പാട് കാശും അത് പോലെ യാത്രയും ചെയ്ത വാഹനം) നേരെ വിട്ടു വേദിയിലേക്ക്. പോകുന്ന വഴി ഉണ്ണി മനോരമ ഇയര്‍ ബുക്ക്‌ എടുത്തു വായിക്കാന്‍ തുടങ്ങി. എന്നോടൊരു ചോദ്യം ബെറി ബെറി എന്ന് പറഞ്ഞാല്‍ എന്ത്? ഏതോ ഭാഷയിലെ വേര്‍ഡ്‌ ആണ്. ഡേയ്, ഇതൊക്കെ പഠിച്ചിട്ടാണോ നീ ക്വിസ്സിനു പോകുന്നത്. ആകെ കൂടി പരിഹാസ രൂപേണ ഒരു ചോദ്യം. ഇതിന്റെ അര്‍ഥം പെയ്ന്‍ പെയ്ന്‍  അതായത് വേദന വേദന എന്ന് പറഞ്ഞു തന്നു. ഉണ്ണി ബുക്ക്‌ എടുത്തു മനോഹരമായി ബാക്ക് സീറ്റിലേക്ക് ഒരേറു. ഞാന്‍ കൊടുത്ത ആത്മവിശ്വാസം കൊണ്ടാണെന്ന് തോന്നുന്നു, ഉണ്ണിക്കും നല്ല ഉത്സാഹം.
വനം വകുപ്പിന്റെയോ ടൂറിസം വകുപ്പിന്റെയോ ആണെന്ന് ഓര്‍മയില്ല, ഏതോ ഒരു ഓഫീസിലേക്ക് പോയി. അവിടെയായിരുന്നു വേദി. എല്‍. ബി.എസ് എഞ്ചിനീയറിംഗ് കോളേജിനെ പ്രധിനിധീകരിച്ച് രണ്ടു പേര്‍ വന്നിട്ടുണ്ട്. എല്ലാവരും നമ്മളെ തന്നെ നോക്കുന്നു, ബഹുമാനം കൊണ്ടാണോ അതോ ഭയം കൊണ്ടാണോ അതോ എന്താണ് എന്നറിയില്ല. ബാക്കിയുള്ള ചെക്കന്മാരൊക്കെ വെറും ഹൈ സ്കൂള്‍ പ്ലസ്‌ ടു ചെക്കന്മാരും പെണ്ണുങ്ങളും. ഡേയ് ഈ മത്സരം നമ്മള്‍ പുഷ്പം പോലെ ജയിക്കും. എന്റെ വക വീണ്ടും കമന്റ്‌.
അങ്ങിനെ ക്വിസ് തുടങ്ങി. ഒന്നിന് പിറകെ ഓരോന്നായി ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ചോദ്യം കഴിഞ്ഞു ഉത്തരം പറയും, അപ്പോള്‍ ആ ഉത്തരം എഴുതിയവര്‍ എഴുന്നേറ്റു നിക്കണം. അപ്പോള്‍ ആ ടീമിന് ഒരു പോയിന്റ്‌. അങ്ങിനെ മൊത്തം 20 ചോദ്യങ്ങള്‍. ഏറ്റവും കൂടുതല്‍ കിട്ടുന്ന ടീമിന് സംസ്ഥാന ലെവലില്‍ മത്സരിക്കാം. ഓരോ ചോദ്യം കഴിയുംതോറും ചുറ്റുമുള്ള പീക്കിരി ചെക്കന്മാര്‍ എഴുന്നേറ്റു നില്‍ക്കുന്നത് മാത്രം കാണാം. അങ്ങിനെ 16 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ അക്കൌണ്ടില്‍ ഉള്ളത് ശൂന്യത, വട്ട പൂജ്യം. ആകെ കൂടി ചമ്മി നാണം കെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ബാക്കി എല്ലാ ടീമും മിനിമം 3 മാര്‍ക്ക് എങ്കിലും എടുത്തിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.
17 മത്തെ ചോദ്യം, ബെറി ബെറി എന്നതിന്റെ അര്‍ത്ഥം എന്താണ് (ശരിക്കും ചോദ്യം ബെറി ബെറി എന്ന ഏതോ ഒരു ഭാഷയിലെ വാക്യത്തിന്റെ മലയാളം അര്‍ത്ഥം എന്ത്?). ഒന്നും പറയേണ്ട ..നമ്മുടെ വികാരം മനസിലാക്കാമല്ലോ ..ഒരു മാര്‍ക്കാണ് മക്കളെ ...മാനക്കേട്‌ അങ്ങിനെ കഷ്ടിച്ച് ഒഴിവായി കിട്ടിയതിന്റെ സന്തോഷം. അങ്ങിനെ ഉത്തരം എഴുതി, ക്വിസ് മാസ്റ്റര്‍ ഉത്തരം പറഞ്ഞു. വേദന വേദന എന്ന് ആരെങ്ങിലും എഴുതിയിട്ടുണ്ടോ? ഉണ്ണി എഴുന്നേറ്റു, ഉണ്ണി മാത്രമേ എഴുന്നേട്ടുള്ളൂ, ആ ഉത്തരം എഴുതിയത് നമ്മള്‍ മാത്രം ആയിരുന്നു. അങ്ങിനെ 1 മാര്‍ക്ക് കിട്ടി. ആ ഒരു മാര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ താനും. ക്വിസ് കഴിഞ്ഞു ഇളിഭ്യരായി ഞാനും ഉണ്ണിയും പുറത്തിറങ്ങി. ഏതോ പയ്യന്മാര്‍ 18 മാര്‍ക്ക് നേടി സംസ്ഥാന ലെവലില്‍ മത്സരിക്കാന്‍ പോകുന്നു. പോടാ പോടാ....നീയൊക്കെ ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ..പോയി ജയിച്ചിട്ടു വാ...ഏട്ടന്മാര്‍ നിങ്ങള്‍ടെ വഴിക്ക് വരുന്നില്ല. അപ്പൊ തന്നെ അവിടുന്ന് നേരെ സ്ഥലം കാലിയാക്കി നമ്മള്‍. ഉണ്ണി പ്രസംഗം വേണ്ടെന്നു വെച്ചു. അതായിരുന്നു നമ്മുടെ അവസാനത്തെ ക്വിസ് മത്സരം (കോളേജിനു പുറത്തു) ഉണ്ണിയും അതിനു ശേഷം പ്രസങ്ങിക്കാന്‍ പോയിട്ടില്ല.
 
(വാല്‍ കഷ്ണം: ഹൈ സ്കൂള്‍ പ്ലസ്‌ ടു കാലഘട്ടങ്ങളില്‍ ഒരു പാട് ക്വിസ് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട് നമ്മള്‍, നമ്മളെക്കാള്‍ വലിയവരെ പരാജയപ്പെടുത്തിയായിരുന്നു അതില്‍ പലതും ജയിച്ചത്‌. അന്നൊക്കെ ആലോചിച്ചിരുന്നു, ഇവരൊക്കെ വലുതല്ലേ എന്തെ ഒന്നും അറിയില്ലേ എന്ന്. ആ ദിവസം മനസിലായി ഹൈ സ്കൂള്‍ പ്ലസ്‌ ടു കാലത്താണ് ഒരാള്‍ ഇപ്പോഴും അപ്പ്‌ഡേറ്റട് ആയിരിക്കുക എന്ന്, വെല്‍ അറ്റ്ലീസ്റ്റ് ഇന്‍ മൈ കേസ് :).

ഉണ്ണിയും ഞാനും ഇന്‍ റേബാന്‍ 

2 comments:

  1. ബെറി ബെറി വിറ്റാമിന്‍ ബിയുടെ കുറവ് കൊണ്ട് വരുന്ന ഒരു രോഗമെന്നൊക്കെ പറഞ്ഞ് പഠിച്ചതോര്‍മ്മയുണ്ട്.ഇങ്ങനെ വേദനയെന്നൊരു അര്‍ത്ഥം കൂടിയുണ്ടായിരുന്നുവെന്നത് പുതിയ അറിവാണ്..
    എന്തായാലും ഇയര്‍ബുക്ക് കാരണം ‘സംപൂജ്യ’ന്മാരാവാണ്ട് രക്ഷപ്പെട്ടല്ലേ :)

    ReplyDelete
  2. " ഹൈ സ്കൂള്‍ പ്ലസ്‌ ടു കാലത്താണ് ഒരാള്‍ ഇപ്പോഴും അപ്പ്‌ഡേറ്റട് ആയിരിക്കുക" - പരമസത്യം. സ്കൂളില്‍ പഠിക്കുമ്പോ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം വാങ്ങിയതിന്റെ അഹങ്കാരം കഴിഞ്ഞ വര്ഷംവീടിനടുത്തെ ക്ലബ്ബില്‍ നടന്ന ഓണാഘോഷ മത്സരത്തില്‍ ഒരു പീക്കിരി പയ്യനോട് തോറ്റപ്പോഴാണ് പോയിക്കിട്ടിയത്!

    ReplyDelete