Sunday, May 15, 2011

അക്ഷയ തൃതീയ

കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തഴച്ചു വളരുന്ന മേഖലയാണ് സ്വര്‍ണ കച്ചവടവും ഗാര്‍മെന്റ്സ് കച്ചവടവും. 'വിശ്വാസം അതല്ലേ എല്ലാം' എന്നതും 'ഇത് പൊന്നില്‍ തീര്‍ത്ത ബന്ധം' എന്നതെല്ലാം ഇപ്പോള്‍ ഓരോ മലയാളിയുടെയും നാവിന്‍ തുമ്പത്തുണ്ട്. കുടുംബ ബന്ധങ്ങള്‍ വരെ സ്വര്‍ണത്തില്‍ കേന്ദ്രീകരിച്ചാണ് എന്ന ഒരു ഇന്നെര്‍ തോട്ട് മലയാളി മനസുകളില്‍ ഇന്ജക്ക്റ്റ് ചെയ്യാന്‍ ഈ രംഗത്തുള്ളവര്‍ക്ക് സാധിച്ചിട്ടുണ്ട്. 

എന്താണ് അക്ഷയ തൃതീയ - അക്ഷയം എന്നത് പുരാണത്തില്‍ ശ്രീകൃഷ്ണന്‍ പാണ്ഡവ൪ക്ക് കൊടുത്ത പാത്രം. ഒരിക്കലും വറ്റാത്ത പാത്രം, പക്ഷെ എന്തെങ്ങിലും വസ്തുക്കള്‍ അതില്‍ വേണം താനും. തൃതീയ എന്നത് തമിള്‍ കലണ്ടറിലെ  ചിത്തിര മാസത്തില്‍ (മേട മാസം, വൈശാഖ മാസം) കാണപ്പെടുന്ന ഒരു നക്ഷത്രവും.അക്ഷയ തൃതീയ ദിനത്തില്‍ എന്തെങ്ങിലും തുടങ്ങിയാല്‍ അത് വളര്‍ന്ന കൊണ്ടേ ഇരിക്കും എന്നുള്ളത് പണ്ടേ ഉള്ള വിശ്വാസമാണ്. 

(ചിത്രത്തിന്റെ കോപ്പി റൈറ്റ് എന്റേതല്ല)

കേരളത്തില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നത് ഒരു അപൂര്‍വത മാത്രമായിരുന്നു എന്നാണ് എന്റെ അറിവ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഇങ്ങിനെയൊരു ദിവസം സ്വര്‍ണം വാങ്ങാന്‍ മഹത്തരം എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത്. ബാങ്കുകള്‍ ഇതിനു വേണ്ടി പ്രത്യേക ഓഫറുകളും ലോണും ഒക്കെ പ്രഖ്യാപിക്കുന്നതും കണ്ടു. സ്വര്‍ണ വില കൂടാന്‍ ഇതൊരു കാരണം അല്ലെങ്കിലും, പല കുടുംബങ്ങളും സ്വന്തം സാമ്പത്തിക നിലക്കും അപ്പുറത്ത് ഈ മാധ്യമ പ്രചാരണത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വലയില്‍ വീണ്, കട ബാധ്യത കേറി ജീവിതം വഴി മുട്ടി പോകുന്ന കാഴ്ചകള്‍ പല ഇടത്തും കാണാന്‍ പറ്റും. 

അക്ഷയ തൃതീയ എന്ന ഈ വിശ്വാസത്തെ വളരെ മനോഹരമായി വാണിജ്യ വത്കരിക്കുന്നതില്‍ സ്വര്‍ണ കച്ചവടക്കാരും, ബാങ്കുകളും വിജയിച്ചു എന്നതാണ് സത്യം. അവരുടെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ അഭിനന്ദനീയമാണ് ഈ നേട്ടം. പക്ഷെ കട ബാധ്യത വരുന്ന തരത്തില്‍ സ്വര്‍ണം വാങ്ങാന്‍ തത്രപ്പെടുന്ന മലയാളികളെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. എന്ത് കൊണ്ടാണ് ഇത്ര എളുപ്പം കേരളീയര്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാവുന്നത് എന്ന ചോദ്യം ഉയര്‍ത്തി കൊണ്ട് അക്ഷയ തൃതീയ ദിനത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷദ് നടത്തിയ 'നിങ്ങളെന്നെ കള്ളനാക്കി' എന്ന നാടകം സന്ദര്‍ബോചിതമായ ഇടപെടല്‍ തന്നെ ആയിരുന്നു. 

സ്വര്‍ണം ഇന്ന് മലയാളിയുടെ സ്റ്റാറ്റസ് സിംബല്‍ ആയി മാറി കഴിഞ്ഞു. വില എത്ര കൂടിയാലും ഒരു കല്യാണത്തിന് വധുവിന്റെ വീട്ടുക്കാര്‍ സ്വര്‍ണത്തിന് വേണ്ടി ചിലവഴിക്കുന്നതായാലും, അതല്ല സ്ത്രീധനം എന്ന തരം താണ  ഏര്‍പ്പാടില്‍ വരന് വേണ്ടി കൊടുക്കേണ്ടി വരുന്ന സ്വര്‍ണമായാലും, അതിനു വേണ്ടി ചിലവഴിക്കുന്ന തുക കണ്ണഞ്ചിപ്പിക്കുന്നതാണ് .