Saturday, December 24, 2011

എന്ഷിമ അഥവാ ഷിമ

സബ് സഹാറന്‍ ആഫ്രിക്കയിലെ ഒരു മിനി ഇന്ത്യയാണ് സാംബിയ. എല്ലാം അത് തന്നെ- കാലാവസ്ഥ, പട്ടിണി, പണം, റോഡുകള്‍, പോലീസ്. മുംബൈ - നൈറോബി - ലുബുമ്പഷി വഴി  എന്ടോള എന്ന സംബ്യന്‍ നഗരത്തില്‍ ഇറങ്ങി ആദ്യം കാണുന്ന ബോര്‍ഡ്‌ നമ്മുടെ ഭാരതി എയര്‍ടെല്‍ ആണ്. എന്ടോള യില്‍ ഇന്ത്യന്‍ കുടിയേറ്റം ശക്തമാണ്, എന്ടോളയില്‍ മാത്രമല്ല, ഈ നഗരം സ്ഥിതി ചെയുന്ന കോപ്പെര്‍ബെല്‍റ്റ് പ്രവിന്ശ്യയിലെ കിട്വെ, ലുവാന്ശ്യ  തുടങ്ങിയ  നഗരങ്ങളിലും കുടിയേറ്റം ശക്തമാണ്. സ്വാധീനവും. 
നമ്മുടെ തിരുവനന്തപുരം ബസ്‌ സ്റ്റേഷന്‍ ന്റെ വലുപ്പം ആണ് എന്ടോള എയര്‍പോര്‍ട്ടിനു. അതിനു മുന്പ് കിട്ടുന്ന ലുബുമ്പഷി കോങ്ഗോ യിലാണ് സ്ഥിതി ചെയുന്നത്. കോപ്പെര്‍, കൊബാള്‍ട്ട് തുടങ്ങിയ ധാതുക്കളുടെ കേന്ദ്രമാണ് ഇവിടം.  കോങ്ഗോയുടെയും  സാംബിയയുടെയും സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത് കൃഷിയും, ചെമ്പും കൊണ്ടാണെന്ന് തന്നെ പറയാം.  
എന്ടോള യില്‍ ഇറങ്ങി ലുആ൯ഷ്യയിലേക്കാണ് എനിക്ക് പോകേണ്ടിയിരുന്നത്‌. ആ യാത്രയില്‍ തന്നെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈനയുടെ സ്വാധീനം മനസിലാക്കാന്‍ പറ്റി. എങ്ങും എവിടെയും ചൈനയുടെ പ്രസന്‍സ്. പബ്ലിക്‌ ബസ്സുകളില്‍ പോലും ചൈനീസ് ലിപികള്‍..... ....,ചൈന ഇവിടെ ഒരു പാട് കോപ്പേര്‍ മൈനുകള്‍ നടത്തുന്നു, ഒരു പാട് കൃഷി ഭൂമി പാട്ടത്തിനെടുത്ത് വിളവെടുക്കുന്നു അങ്ങിനെ ആകെ കൂടി ഒരു ചൈന മയം. തൊട്ടു താഴെ ഇന്ത്യയും ഉണ്ട് :)

സാംബിയയിലെ ഹൈവേ. നീല നിറത്തില്‍ ഉള്ള മിനി ബസ്സുകള്‍ ആണ് ഇവിടെ ഹ്രസ്വ ദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. 
ആകെ കൂടി  1.3 കോടിയാണ് സാംബിയയുടെ ജനസംഖ്യ, കേരളത്തിന്റെ 4 ഇരട്ടി സ്ഥലം ഉണ്ട് . അത് കൊണ്ട് തന്നെ നോക്കെത്താ ദൂരത്തോളം ഭൂമി വെറുതെ കിടക്കുന്നു. റിയല്‍ എസ്റ്റേറ്റ്‌ പ്രഭുക്കള്‍ ഇവിടെ ഇത് വരെ വന്നു കളിക്കാത്തത് എന്താണാവോ എന്തോ. സാംബിയിലെ ഏറ്റവും പുരോഗമിച്ച പ്രവിന്ശ്യയാണ് കോപ്പെര്‍ ബെല്‍റ്റ്. തലസ്ഥാനമായ ലുസാക മാത്രമാണ് ഇതിനെക്കാള്‍ വാണിജ്യ വത്കരിക്കപ്പെട്ട സ്ഥലം. ചോളം ആണ് പ്രധാന ആഹാരം.  65% അധികം വരുന്ന ജനങ്ങള്‍ പട്ടിണിയിലാണ്. ഇവര്‍ ഗ്രാമങ്ങളില്‍ വസിക്കുന്നു. സ്വന്തമായി കൃഷി ചെയ്തു ഉണ്ടാക്കുന്ന ധാന്യങ്ങള്‍ ആണ് ഇവരുടെ ആഹാരം. തൊഴില്‍ ഇല്ലായ്മ രൂക്ഷമാണ് ഇവിടെ. പറ്റുന്ന സ്ഥലങ്ങളില്‍ ഒക്കെ ചോളവും കപ്പല്ലണ്ടിയും കൃഷി ചെയ്യുന്നു. ചോളം കൊണ്ടുനടക്കുന്ന എന്ഷിമ ആണ് സാമ്ബിയക്കാരുടെ പ്രധാന ആഹാരം. ഇതില്ലാതെ സാംബിയന്‍ ജനതയ്ക്ക് ജീവിക്കാന്‍ പറ്റില്ല എന്നാണ് ഡ്രൈവര്‍ സുലു പറഞ്ഞത്. 

സാംബിയയിലെ ചോളം കൃഷി 
ആഫ്രിക്കക്കാരന്‍ അല്ലാത്ത ആരും സാംബിയന്‍ ജനതയ്ക്ക് ഇന്നും അത്ഭുതവും ആദരവും ആണ്. നഗരങ്ങളില്‍ ഒരു തരം പാശ്ചാത്യ സംസ്കാരം തന്നെയാണ് ഇവര്‍ പിന്തുടരുന്നത്. കോകകോളയും പെപ്സിയും പബ്ബുകളും വസ്ത്രധാരണ രീതിയും എല്ലാം പാശ്ചാത്യ വത്കരിക്കപ്പെട്ടിരിക്കുന്നു. ചെമ്പ് ഖനന മേഖലയില്‍ ഉണ്ടായ ചൂഷണം നിമിത്തവും, ചെമ്പിന്റെ വിലയില്‍ വന്ന വീഴ്ചയും എല്ലാം കാരണം സമ്പദ് വ്യവസ്ഥ തകര്‍ന്നു കിടക്കുകയാണ്. മിക്കതും ഇപ്പോള്‍ ചൈനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. 
ചൈന കഴിഞ്ഞാല്‍ ഇവിടെ ശക്തമായ സാന്നിധ്യം ഉള്ളത് ഇന്ത്യയുടെതാണ്. എന്ടോള, കിട്വെ, ലുവാന്ശ്യ തുടങ്ങിയ പട്ടണങ്ങളില്‍ ഒക്കെ ഇന്ത്യന്‍ സമൂഹം ശക്തമായ സ്വാധീനം ഉള്ളവരാണ്. മിക്ക കെട്ടിടങ്ങളും കടകളും ഇന്ത്യക്കാരുടെത്. ലുവാന്ശ്യ പോലുള്ള ചെറു പട്ടണങ്ങളില്‍ പോലും ഇന്ത്യന്‍ സാന്നിധ്യം ശക്തമാണ്. ഇന്ത്യക്കാരോട് സാംബിയന്‍ ജനതയ്ക്ക് വളരെ ബഹുമാനമാണ്. ഗാന്ധിജി ഇവിടെ അതി പ്രശസ്തന്‍.. അത് പോലെ തന്നെ  ക്രിക്കറ്റാണ് ഇന്ത്യയുടെ കളി എന്ന് എല്ലാവരുടെയും അഭിപ്രായം. അത് പോലെ ടാറ്റാ ഇവിടെ ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമാണ്. ട്രക്കുകള്‍ ടാറ്റാ യുടേത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 

ലുവാന്ശ്യ പട്ടണം 

ഇനി ഏറ്റവും രസകരമായ സംഭവം. വില നിലവാര പട്ടികയും ജീവിത ഗുണ നിലവാരവും. ക്വാച്ച ആണ് സാംബിയന്‍ കറന്‍സി. 100 ക്വാച്ച = 1 രൂപ. അതായത് നമ്മുടെ ഒരു പൈസ ആണ് ഒരു ക്വാച്ച. ഒരു ദിനപത്രം = 3000  ക്വാച്ച  അതായത് നമ്മുടെ  30 രൂപ.500ml കോകകോള =  8000 ക്വാച്ച അതായത് 80 രൂപ. പെട്രോള്‍ നമ്മുടെ നാടിലെ വില തന്നെ - 80 രൂപ. ഡീസലിന് വില കൂടുതലാണ് - 75 രൂപ. നമ്മുടെ നാട്ടില്‍ കിട്ടുന്ന വെള്ളത്തിന്‌  15രൂപ ആണെങ്കില്‍ ഇവിടെ അത് ഏകദേശം 3000 ക്വാച്ച ആണ്, അതായതു  30  രൂപ.നാണയങ്ങള്‍ ഇവിടെ ഉപയോഗിക്കാറില്ല.  100 ക്വാച്ച മുതല്‍ ഉള്ള കറന്‍സി ഉണ്ടെങ്കിലും  1000 ക്വാച്ച തൊട്ടാണ് സാധാരണയായി ഉപയോഗിക്കാറ്.
ലുവാന്ശ്യ പട്ടണത്തിലെ ഒരു ധനികന്റെ വീട് 
ദോഷം പറയരുതല്ലോ നമ്മുടെ കേരളത്തിന്റെ വേറൊരു രൂപമാണ് സാംബിയ. മഴക്കാലത്ത്‌ റോഡുകള്‍ തോടുകളാവും. ഹൈവേ പോലീസ് കീശയിലേക്ക്‌ കുറച്ചു ക്വാച്ചകള്‍ വീഴാന്‍ വേണ്ടി പരുന്തിനെ പോലെ വീക്ഷിച്ചു കാരണങ്ങള്‍ കണ്ടു പിടിച്ചു പിഴ ഈടാക്കും. ഡ്രൈവര്‍മാര്‍ ഫോണില്‍ സംസാരിച്ചോണ്ട്‌ വണ്ടി ഓടിക്കും. സീറ്റ്‌ ബെല്‍റ്റ് പോലീസിനെ കാണുമ്പോള്‍ വലിച്ചിടും. പട്ടണങ്ങളിലെ മാര്‍ക്കറ്റില്‍ മൂക്ക് പൊത്തി നടക്കാന്‍ വയ്യ. പക്ഷെ ഒരു ഗുണം ഉണ്ട്, റോഡരികില്‍ കേരളത്തിലെ പോലെ മാലിന്യങ്ങള്‍ ഇവര്‍ ഇടാറില്ല.  വീട് നിര്‍മാണ രീതിയും വ്യത്യസ്തമാണ്. മേല്‍ക്കൂരയായി ഇവര്‍ ഇരുമ്പ് തകിടാണ് യൂസ് ചെയുന്നത്. പിന്നെ ബഹു നില മാളികകള്‍ ഇല്ലെന്നു തന്നെ പറയാം. പിന്നെ കാഷില്ലാത്തവരുടെ വീട് അവിടെയും ഇവിടെയും എവിടെയും ഒരു പോലെ തന്നെ, കടകളുടെ തിണ്ണയോ അല്ലെങ്കില്‍ ഒരു മണ്ണിന്റെ കൂര. 'anthouse' അതായത് ഉറുമ്പുകളുടെ വീട് വളരെ വ്യാപകമായി സാംബിയയില്‍ എല്ലായിടത്തും കാണാന്‍ പറ്റും.25 അടി ഉയരം വരെ ഉള്ള ഉറുമ്പ് വീടുകള്‍ ഇവിടെ സര്‍വ സാധാരണമാണ്.ഒരു മണ് കൂന പോലെയാണ് ഇത് കാണപ്പെടുക. ഇതിനു മുകളില്‍ വന്‍ മരങ്ങള്‍ പോലും ഉണ്ടാവാറുണ്ട്.മിക്കപോഴും കൃഷിക്ക് വേണ്ടിയോ അല്ലെങ്കില്‍ വനങ്ങള്‍ നശിപ്പിക്കുമ്പോഴും ആയിരിക്കും ഇത് നശിപ്പിക്കപ്പെടുന്നത്‌.............
ഉറുമ്പുകളുടെ വീട് 
എച് ഐ വി, വന നശീകരണം, കാറുകള്‍, കോപ്പര്‍ മൈനുകള്‍ , ചിത്രങ്ങള്‍ ...സാംബിയന്‍ വിശേഷങ്ങള്‍ ഇനിയും ബാക്കി. അടുത്ത പോസ്റ്റില്‍ .....

Sunday, December 18, 2011

ഇതും ചിത്രങ്ങള്‍ ...

ദി ഫുഡ്‌ ചെയിന്‍ ..വീട്ടില്‍ നിന്ന് എടുത്ത ചിത്രമാണ്....ജീവ ജാലങ്ങളുടെ നില നില്‍പ്പ് തന്നെ ഈ ചെയിന്‍ .....

രാജീവ്‌ ഗാന്ധി കുടി വെള്ള പദ്ധതിയുടെ ഭാഗമായി നാട്ടില്‍ എല്ലാം പണ്ട് കാലത്ത് ഉണ്ടായിരുന്ന പൈപ്പ്. ഇപ്പോള്‍ ഇത് മണ്മറഞ്ഞു പോകുന്ന വസ്തുക്കളില്‍ ഒന്ന്. 

പഴമയുടെ നഗരമാണ് കൊല്‍ക്കത്ത എന്നും. ഇന്നും നഗരത്തില്‍ പഴമയുടെ പ്രൌഡിയും പോയ കാലത്തിന്റെ നഷ്ട പ്രതാപവും ഒരുമിച്ചു കാണാന്‍ പറ്റും. തിരക്കില്‍ വീര്‍പ്പു മുട്ടുന്ന നഗരവും കൂടിയാണിത്.  കൊല്‍ക്കത്തയുടെ തിരക്കേറിയ തെരുവുകളില്‍ ഒരിക്കല്‍ എടുത്തു ഫോട്ടോ. 

ഇവനാണ് 'രാജാവ്'. ശെരിക്കും ഇവനൊരു രാജാവ് തന്നെ ആയിരുന്നു. ഒരു പോരാളി. ആരെയും ഭയമില്ല.അടുത്ത് ചെന്നാല്‍ തല ഉയര്‍ത്തി യുദ്ധ സന്നദ്ധനായി നില്‍ക്കും.  അടുത്ത  വീട്ടില്‍ വളര്‍ത്തുന്ന ഒരു പൂവന്‍ ആയിരുന്നു. ദിവസവും ഇതിനോട് സംസാരിക്കുമായിരുന്നു. ഏതോ ഒരു വിരുന്നു സത്കാരതിനായി ഇവന്‍ തീന്മേശയുടെ അലങ്കാരമായി. ഒരു സിംഹത്തിന്റെ ശൌര്യം ഉണ്ടായിരുന്നു  ഈ 'രാജാവിന്' 

Sunday, August 14, 2011

വിവേകവും ഗര്‍ഭിണിയും II

ഇതിന്റെ ആദ്യത്തെ ഭാഗം ദാ ഇവിടെവായിക്കാം.
തോടുകളില്‍ കൂടി സാധാരണ ഓടിക്കേണ്ടത് കടലാസ് തോണികളാണ് അല്ലാതെ ഇരു ചക്ര വാഹനങ്ങളും, കാറുകളും ബസ്സുകളും അല്ല.
ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സിമ്പല്‍ ആണ് അവിടുത്തെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് സംവിധാനവും, ഗതാഗത യോഗ്യമായ റോഡുകളും. കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംഭവിച്ച ആ ദുരന്തം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. കണ്ണൂരിലെ പിലാത്തറ സ്വദേശിനിക്കാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. മാതൃഭുമിയില്‍ വന്ന വാര്‍ത്ത‍ ഇവിടെ.
കേരളത്തിന്റെ ഒരു ഭാഗമാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇത് കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും അറിയാത്ത കാര്യമല്ല. അവരൊക്കെ മിനിമം എസ് എസ് എല്‍ സി വരെ പഠിച്ചു കാണും എന്നാണ് എന്റെ വിശ്വാസം. ഇവിടെ 50 ടണ്‍ വരെ ഭാരമുള്ള ചരക്കു വണ്ടികള്‍ ഓടുന്നുണ്ട് എന്നും അറിയാത്തവര്‍ ഇല്ലായിരിക്കും. പിന്നെയും എങ്ങിനെയാണ് ഇവര്‍ കാലവര്‍ഷത്തിനെയും ഭാരമുള്ള വണ്ടികളെയും ദൂഷ്യം പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത്.
കാസര്‍ഗോഡ്‌ ജില്ലയിലെ ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടും, കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടും തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ചട്ടഞ്ചാല്‍ - ചെര്‍ക്കള റൂട്ടില്‍ കുറച്ചു ദിവസം മുന്നേയാണ്‌ കുന്നിടിഞ്ഞു ഗതാഗതം തടസപ്പെട്ടത്, മണ്ണ് നീക്കിയതിന് ശേഷം ഇതില്‍ കൂടി ബസ്സുകള്‍ക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ആയിരിക്കുകയാണ്. കാസര്‍ഗോഡ്‌ - തലപ്പാടി റൂട്ടിന്റെ കാര്യം ഇതിലും ദയനീയമാണ്. കുറച്ചു ദിവസം മുന്നേയാണ്‌ ഒരു സ്ത്രീ ബൈക്കില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീണു മരിച്ചത്.
ഇവിടെ മഴ വരും എന്ന് അറിയാതെയാണോ ഇവര്‍ റോഡ്‌ നിര്‍മിക്കുന്നത്. കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവരുടെ കൊട്ടാര സദൃശമായ സൌധങ്ങള്‍ ഉയര്‍ന്നു വരുന്നത് അന്വേഷണ വിധേയമാവാത്തത് എന്തെ? റോഡ്‌ നിര്‍മിക്കേണ്ട ഫണ്ടില്‍ നിന്ന് വക തിരിച്ചു ഉണ്ടാക്കുന്ന കള്ള പണമാണ് ഇതൊക്കെ എന്ന് അറിയാന്‍ സി ബി ഐ അന്വേഷണം ഒന്നും വേണ്ട. കുറച്ചു പേര്‍ക്ക് മാത്രം ഉണ്ടാവുന്ന സൌഭാഗ്യതിനു വില കൊടുക്കേണ്ടി വരുന്നത് ആരൊക്കെയാണ് എന്തൊക്കെയാണ്. ഒന്നാലോചിച്ചിട്ടുണ്ടോ ഈ സോഷ്യല്‍ സെര്‍വന്റ്സ്.

  1. വര്‍ഷം തോറും റോഡുകള്‍ക്ക് വേണ്ടി വരുന്ന അറ്റകുറ്റ പണികള്‍.
  2. വാഹന ഉടമയ്ക്കും സര്‍കാരിനും ഉണ്ടാവുന്ന വാഹന മൈന്റെനന്‍സ് ചിലവുകള്‍, അത് മൂലം ഉണ്ടാവുന്ന നഷ്ടങ്ങള്‍.
  3. ഇന്ധന നഷ്ടം, അതും നമ്മുടെ ഈ സാഹചര്യങ്ങളില്‍.
  4. യാത്രകാര്‍ക്ക് ഉണ്ടാവുന്ന സമയ നഷ്ടം.
  5. യാത്രക്കാര്‍ക്ക് സംഭവിക്കുന്ന ആരോഗ്യ പരമായ നഷ്ടങ്ങള്‍.
  6. സമയം വൈകിയത് കൊണ്ട് മരണപ്പാച്ചില്‍ നടത്തുന്ന വാഹങ്ങള്‍, തത് ഫലമായി ഉണ്ടാവുന്ന ജീവഹാനിയും പരുക്കുകളും.
  7. ടൂറിസം മേഖലയില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍, ഇങ്ങിനെയുള്ള റോഡുകളില്‍ കൂടി ആര് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും?
  8. സംരംഭകര്‍ വരാന്‍ മടിക്കുന്നു, തത് ഫലമായി നിക്ഷേപങ്ങള്‍ ഉണ്ടാവുന്നില്ല, തൊഴില്‍ മേഖലയില്‍ ഇത് മൂലം ഉണ്ടാവുന്ന നഷ്ടം.
  9. എമര്‍ജന്‍സി കേസുകള്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ പറ്റാതെ ഉണ്ടാവുന്ന ജീവഹാനികള്‍.

അങ്ങിനെ ഒരു പാട് മേഖകളെ ഇത് ബാധിക്കുന്നുണ്ട്. എന്നിട്ടും ഇത്രയും വര്‍ഷമായി ഇതിനൊരു പരിഹാരം കാണാന്‍ ഇവിടെ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് പറ്റുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഇവര്‍ ഭരിക്കുന്നത്‌? ചില ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ദേശീയ പാതയാണ് ഇതെന്ന് ഓര്‍ക്കണം.

ചട്ടഞ്ചാല്‍ - തെക്കില്‍ പാതയില്‍ കുന്നിടിഞ്ഞപ്പോള്‍ 

ദേശീയ പാതയുടെ ദയനീയാവസ്ഥ 


മരണപ്പാച്ചില്‍, ഓവര്‍ടേക്ക് ചെയുന്ന രീതികളില്‍ ഒന്ന് 

ഓവര്‍ ടേക്ക് ചെയ്തു റോഡില്‍ കേറിയതിനു ശേഷം
തിരഞ്ഞെടുപ്പ് ആയതു കൊണ്ട് കാസര്‍ഗോഡ്‌ - തലപ്പാടി റോഡ്‌ നവീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ട്‌ വിനിയോഗിക്കാന്‍ പറ്റാത്തത് കൊണ്ട് ഫണ്ട്‌ ലാപ്സ് ആയെന്നാണ്‌ അവസാനമായി അറിയാന്‍ കഴിഞ്ഞത്. സന്തോഷമായി. ഫണ്ട്‌ ഇല്ലാത്തോണ്ട് അടുത്ത കാല വര്‍ഷം വരെ പണി തുടങ്ങാന്‍ പറ്റില്ല, പിന്നെ കാലവര്‍ഷത്തില്‍ തീരെ പറ്റില്ലല്ലോ. അപ്പോഴേക്കും കേന്ദ്ര സര്‍ക്കാര്‍ വീഴുമായിരിക്കും, അത് കഴിഞ്ഞാല്‍ ടാര്‍ കിട്ടില്ല, പിന്നെ വീണ്ടും കാല വര്‍ഷം, തിരഞ്ഞെടുപ്പ്, സംസ്ഥാന സര്‍ക്കാര്‍ മാറുന്നു, ഹൈ കോടതി നിര്‍മാണം സ്റ്റേ ചെയ്തു, വീണ്ടും കാലവര്‍ഷം...ഹാപ്പി...ഹാപ്പി...

Thursday, July 21, 2011

ഒരു എന്‍ സി സി ചരമകുറിപ്പ്

ഓക്കേ ..സംഭവം നടക്കുന്നത് ഒരു 12 വര്‍ഷം മുന്‍പ് ..കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കാലം. കാസര്‍ഗോഡ്‌ ജില്ലയിലെ ഏറ്റവും ആദ്യത്തെ സ്കൂളുകളില്‍ ഒന്നും, സംസ്ഥാനത്തെ തന്നെ പ്രമുഖ സ്കൂള്‍ ആയ ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന കാലം.
ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ എന്‍ സി സി യില്‍ ചേര്‍ന്നു. ഒന്നും പറയേണ്ട, സാവധാന്‍, തേസ് ചല്‍..ആഗെ മുട്, പീച്ചേ മുട്......നമ്മുടെയൊക്കെ പ്രിയപ്പെട്ട രവി മാഷാണ് നമ്മുടെ ക്യാപ്റ്റന്‍. (സാറിനു പോലും അറിയാം സാറിനെ ആരും അങ്ങിനെ വിളിക്കാറില്ല എന്ന്...ആ പേര് തല്‍ക്കാലം ഇവിടെ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.)

ഞാന്‍ ..എന്റെ കൂടെ ബൈജുവും,കാലന്‍ അനീഷും എന്‍ സി സി യില്‍ ചേര്‍ന്ന്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ചേര്‍ന്ന് ആദ്യത്തെ കുറച്ചു ആഴ്ചകള്‍ പ്രശ്നമില്ലാതെ പോയി. ആഴ്ചയില്‍ തിങ്കളും ചൊവ്വയും ആണ് പരേഡ് ഉള്ളത്. കുറച്ചു ആഴ്ചകള്‍ക്ക് ശേഷം ഞാനും ബൈജുവും സ്ഥിരമായി മുങ്ങാന്‍ തുടങ്ങി. ഒരു നാല് അഞ്ചു ആഴ്ച ഈ പതിവ് തുടര്‍ന്ന്. ഒരു 4000+ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആണ്. പക്ഷെ വിചാരിക്കുന്ന പോലെ എളുപ്പമല്ല മുങ്ങാന്‍. ഒന്നാമത് രവി മാഷ്‌ എവിടെ ഉണ്ടാവും എന്ന് പറയാന്‍ പറ്റില്ല. രണ്ടാമത് മുങ്ങിയ ദിവസം സ്കൂളില്‍ ഹാജര്‍ ആയിരുന്നോ എന്ന് നോക്കും. അങ്ങിനെ വളരെ കഷ്ടപ്പെട്ട് തന്ത്രപരമായിട്ടാണ് മുങ്ങി കൊണ്ടിരുന്നത്.
മുങ്ങിയ പിള്ളേരെ വേറെ കേടറ്റ്സിനെ വിട്ടു വിളിപ്പിക്കും. അവര്‍ വന്നു വിളിച്ചാലും നമ്മള്‍ പോകാതായി. പക്ഷെ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നാണല്ലോ. ഒരു തിങ്കളാഴ്ച മാഷ്‌ നമ്മളെ കയ്യോടെ പിടി കൂടി. നമ്മുടെ കൂടെ മുങ്ങിയ വേറെ കുറച്ചു പിള്ളേരും ഉണ്ടായിരുന്നു. ഇന്റെര്‍വല്‍ സമയം..എല്ലാ പിള്ളേരും ക്ലാസിനു വെളിയില്‍ ഉള്ള ടൈം ആണ്. ഇയാളുണ്ടോ വിടുന്നു, എന്താടാ പരേടിനു വരാഞ്ഞത്?ഓരോരുത്തരായി ഓരോ കാരണങ്ങള്‍ പറഞ്ഞു...ഇന്ന് യുണിഫോം കൊണ്ട് വന്നിട്ടുണ്ടോ?...പലരും കൊണ്ട് വന്നിട്ടില്ല, ഉച്ചക്ക് കൊണ്ട് വരും എന്നൊക്കെ പറഞ്ഞു.എനിക്ക് അത് പറയാന്‍ പറ്റില്ല,വീട് കുറെ ദൂരെ ആണല്ലോ. മാഷിനു അത് അറിയുകയും ചെയ്യാം.ബൈജു എന്നാ ദ്രോഹി ഉച്ചക്ക് കൊണ്ട് വരാം എന്ന് പറഞ്ഞത് കൊണ്ട്, മുങ്ങിയ ഇനത്തില്‍ അവനു ഒരടി മാത്രമേ കിട്ടിയുള്ളൂ...അത് പുറത്തേക്കായിരുന്നു. അടുത്ത ഊഴം എന്റേത്...എന്റെ ഗണപതീ...അന്ന് ഞാന്‍ വല്യ ഗണപതി ഭക്തന്‍ ആണ് :).......എന്താടാ മുങ്ങിയത് ഇത്ര ആഴ്ച?...അത് സര്‍, പനി ആയിരുന്നു, ഉത്സവം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.ഇന്ന് യുണിഫോം കൊണ്ടുവന്നിട്ടുണ്ടോ..."ഇല്ല"...പറഞ്ഞു തീര്‍ന്നില്ല..കുനിച്ചു നിര്‍ത്തി മൂന്നെണ്ണം നടുവിലേക്ക്....കണ്ണില്‍ നിന്ന് വെള്ളം വന്നു പോയി..എന്റെ കാവില്‍ ഭഗവതി ശക്തി തരണേ...അടി കൊണ്ടിരുന്നെങ്ങില്‍ ഇത്ര പ്രശ്നം ഇല്ലായിരുന്നു...ഇതിപ്പോ ക്ലാസ്സിലെ പെണ്‍കുട്ടികളുടെയൊക്കെ മുന്നില്‍ വെച്ച്....ആകെ കൂടി പണ്ടാരമടങ്ങി.

ഇതിനു ശേഷം നമ്മള്‍ നന്നായോ? എവിടെ...മുങ്ങല്‍ പിന്നെയും തകൃതിയായി നടന്നു. ഓണ പരീക്ഷ നടക്കുന്ന സമയം, ഒരു വിധത്തിലും മാഷിനു നമ്മളെ കിട്ടുന്നില്ല .പക്ഷെ പരീക്ഷ എഴുതാതിരിക്കില്ലലോ.പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുന്നേ മാഷ്‌ വന്നു ബൈജുവിനെ പൊക്കി...അടി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് മോനെ..(സംഭവം ഞാന്‍ കണ്ടില്ല..കേട്ടറിഞ്ഞു...ബൈജുവിനെ പൊക്കി എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ എക്സാം ഹാള്‍ വിട്ടു ശര വേഗത്തില്‍ രാജേട്ടന്റെ പീടികയുടെ ബാക്കില്‍ സ്ഥാനം പിടിച്ചിരുന്നു)....

പിന്നെയും മുങ്ങല്‍ കഥകള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. അടിയും ഇടിയും ഒക്കെ ആയി ഒരു രണ്ടു വര്‍ഷം. ഇതിനിടയില്‍ മാഷ്‌ പിന്നെയും നമ്മളെ പൊക്കാനായി ഇറങ്ങി. സംഭവം അറിഞ്ഞ പാടെ ഞാന്‍ മുങ്ങി. പക്ഷെ ബൈജുവിന് ആ ചാന്‍സ് കിട്ടിയില്ല, മാഷ്‌ കണ്ടു. പക്ഷെ ബൈജു പിടി കൊടുത്തില്ല. ആ തടിയും വെച്ചോണ്ട് ഓടെടാ ഓട്ടം...മാഷ്‌ പിന്നാലെ ഓടി എന്നാണ് കേട്ടത്..എന്തായാലും ഓടി ഓടി റോഡില്‍ കൂടി പോകുന്ന ഒരു ഓട്ടോയില്‍ ചാടി കേറിയതിനു ശേഷമാണ് ബിജുവിന്റെ ശ്വാസം നേരെ വീണത്‌. രവി മാഷ്‌ടെ അടി അമ്മാതിരിയാണ് മക്കളെ.

ഇതേ പോലെ ഒരു സംഭവം എനിക്കും ഉണ്ടായി. പക്ഷെ ഇപ്പ്രാവശ്യം രവി മാഷല്ല വില്ലന്‍, പുഷ്പലത ടീച്ചര്‍, പ്രിന്‍സിപ്പല്‍ ആയിരുന്നു നമ്മുടെ. ഗിഫ്ടെഡ് ചില്‍ട്രന്‍ എന്ന കേരള സര്‍കാരിന്റെ പരിപാടിയില്‍ സ്കൂളില്‍ നിന്നും സെലക്ട്‌ ചെയ്യപ്പെട്ടത് എന്നെയും എന്റെ സുഹൃത്ത്‌ ആനന്ദിനെയും ആയിരുന്നു. അതിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടി കൊച്ചിയില്‍ പോകാന്‍ പറഞ്ഞു. അവന്‍ പോയി. ഞാന്‍ മുങ്ങി. മുങ്ങി പിറ്റേ ദിവസം പ്രിന്‍സിപലിന്റെ ഓഫീസിനു മുന്നില്‍ കൂടി നടന്നു..മുങ്ങിയ കാര്യം എനിക്കോര്‍മ ഇല്ലായിരുന്നു.ടീച്ചര്‍ എന്നെ കണ്ടു..കൈ പൊക്കി എന്നെ വിളിക്കുന്നത്‌ മാത്രമേ ഓര്‍മയുള്ളൂ. ഞാന്‍ ജീവനും കൊണ്ട് ഓടെടാ ഓട്ടം...പിന്നാലെ ടീച്ചര്‍ രാജീവന്‍ എന്ന പ്യൂണിനെ വിട്ടു. മുന്നില്‍ ഞാന്‍ പിന്നില്‍ രാജീവന്‍..എന്റമ്മേ ഓടി ഓടി, ഓടി കൊണ്ടിരുന്ന ഓട്ടോയില്‍ കേറി ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി ബസ്‌ കേറി, ബസ്‌ വിട്ടതിനു ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്‌. പിന്നെയൊന്നും പറയേണ്ട മക്കളെ, അച്ഛനെ വിളിപ്പിക്കേണ്ടി വന്നു..എന്തിനാ ഓടിയത്, ബസ്‌ പിടിക്കാനായിരുന്നു ടീച്ചര്‍, രാജീവന്‍ വിളിച്ചത് കേട്ടില്ലേ? അയ്യോ രാജീവേട്ടന്‍ എപ്പോ വിളിച്ചു? ഞാന്‍ അറിഞ്ഞേ ഇല്ലല്ലോ...

അങ്ങിനെ അടി ഇടി ഓട്ടം..ആകെ കൂടി ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ തന്നെ........

Sunday, July 10, 2011

ഇതോ മതേതരത്വം?

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടു കിട്ടിയ അമൂല്യ വസ്തുക്കളെ കുറിച്ചല്ല ഈ പോസ്റ്റ്‌. അതിനു ശേഷം അവിടെ നിയോഗിച്ച സെക്യൂരിറ്റിയെ കുറിച്ചാണ്. താഴെ കാണുന്ന ഈ ചിത്രം മിക്ക പ്രമുഖ പത്രങ്ങളിലും വന്നതാണ്.


ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന് പറയപ്പെടുന്നു. പക്ഷെ എനിക്കിവിടെ പല മതങ്ങളുടെയും നിയമങ്ങള്‍ നടപ്പിലാക്കുന്ന ഒരു രാഷ്ട്രം എന്നാണ് തോന്നുന്നത്. ഇനി ഇതാണോ മതേതരം എന്ന് കൊണ്ട് ഉദേശിക്കുന്നത് എന്നും മനസിലാവുന്നില്ല.
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ സ്വത്തു വകകളെ തീവ്രവാദികളില്‍ നിന്നും ദേശ വിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രത്യേക സെക്യൂരിറ്റി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. പക്ഷെ സെക്യൂരിറ്റി നില്‍ക്കുന്ന പോലീസുകാരന്‍ ഇട്ടിരിക്കുന്ന യുണിഫോം കാണുമ്പോള്‍ ഒരു സംശയം. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ വന്ന ഒരു ഭക്തനാണോ എന്ന്?
ഇന്ത്യാ രാജ്യത്ത് സൈന്യത്തിനായാലും, പോലിസിനായാലും, അര്‍ദ്ധ സൈനികര്‍ക്കായാലും കമാണ്ടോസിനായാലും ഒരു യുണിഫോം നിശ്ചയിച്ചിട്ടുണ്ട്. ആ ട്രൂപിന്റെ നിയമം അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് അല്ലാതെ ഒരു പ്രത്യേക മതത്തില്‍ പെട്ട ഒരു ആരാധനാലയതിന്റ നിയമം അനുസരിച്ചല്ല.
ഒരു രാഷ്ട്രത്തിന്റെ ഐഡന്റിറ്റി ആണ് അവിടുത്തെ മിലിട്ടറി യുണിഫോം. അത് പോലെ തന്നെ ബാക്കിയുള്ള സെക്യൂരിറ്റി ഫോര്‍സിന്റെയും. അതിനെ അവഹേളിക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഇവിടെ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ ഒരു ക്രിസ്ത്യന്‍ പട്ടാളക്കാരന് സെക്യൂരിറ്റി നില്ക്കാന്‍ പറ്റില്ല, ജുമാ മസ്ജിദില്‍ സെക്യൂരിറ്റി നില്‍ക്കുന്നവര്‍ തലയില്‍ തൊപ്പി ഇട്ടേ നിക്കാവൂ, സുവര്‍ണ ക്ഷേത്രത്തില്‍ ഒരു മുസല്‍മാന്‍ വന്നു അശുദ്ധമാക്കരുത്, അല്ലെങ്ങില്‍ വരുന്നവര്‍ മുണ്ടുടുത്തും, സുന്നത് ചെയ്തും, മാമോദിസ മുങ്ങിയും ഒക്കെ വരാവൂ എന്ന് നിയമ ഗ്രന്ഥങ്ങളില്‍ എഴുതി വെക്കുമായിരിക്കും. അതിനെ നമ്മള്‍ക്ക് വിശാല മതേതരത്വ രാഷ്ട്രം എന്നും വിളിക്കാം
കേരളത്തില്‍ താമസിക്കുന്നത് കൊണ്ട് പറയട്ടെ, വളരെ വളരെ നികൃഷ്ടമെന്നു പറയാന്‍ പറ്റുന്ന തലത്തിലേക്ക് ജാതി മത ചിന്ധകള്‍ ഇവിടെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.ന്യൂനപക്ഷ ഭൂരിപക്ഷ വോട്ട് ബാങ്കുകള്‍ എന്നതിലപ്പുറം മറ്റൊരു തലത്തിലേക്ക് ഇതെത്തപ്പെട്ടിരിക്കുന്നു.ഇതേ പറയുന്ന ആരാധനാലയങ്ങളില്‍ പെട്ടെന്ന് ഒരു അപകടം ഉണ്ടാവുന്നെങ്കില്‍ അവിടെ നിഷ്കര്‍ഷിച്ചിട്ടുള നിയമം പാലിക്കുന്ന സൈനികര്‍ക്ക് മാത്രമേ അവിടെ പ്രവേശനം അനുവദിക്കുള്ളൂ. അപ്പോഴും അവിടെ ഉണ്ടാവാന്‍ സാധ്യതയുള്ള ജനങ്ങളുടെ സുരക്ഷ അല്ല, മറിച്ച് മത നിയമത്തിനാണ് പ്രാധാന്യം എങ്കില്‍ അതിനെയും നമ്മള്‍ക്ക് പുകഴ്ത്താം. കാരണം അപ്പോഴും ക്ഷേത്രതിന്റെയോ പള്ളിയുടെയോ ഒന്നും പവിത്രത നഷ്ടപെട്ടിലല്ലോ.

NB: മതേതരത്വം നീണാള്‍ വാഴട്ടെ. മതങ്ങള്‍ അതിനു മുകളില്‍ കൂടി വാഴട്ടെ. 

Sunday, June 19, 2011

ബെറി ബെറി

ഒരു വര്‍ഷ കാലത്തിന്റെ മധുരതരമായ ശീതളിമയില്‍ പൂവിടുന്ന സുഖകരമായ ഓര്‍മ്മകള്‍ എന്നൊക്കെ വേണമെങ്കില്‍ ഈ എഴുതാന്‍ പോകുന്നതിനെ പറ്റി പറയാം. പക്ഷെ സത്യം പറഞ്ഞാല്‍ ആ സമയത്ത് ആകെ ചമ്മി നാണം കെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സംഭവം ദാ താഴെ വിവരിച്ചിട്ടുണ്ട്.
എഞ്ചിനീയറിംഗ് പഠനം നടന്നോണ്ടിരിക്കുന്നു എന്ന് നമ്മള്‍ വിശ്വസിച്ചിരുന്ന കാലഘട്ടം, ഞാന്‍, ഉണ്ണി, അരവിന്ദ്, ഹിഷാം എന്നിവരുടെ മെയിന്‍ പണി എന്ന് പറയുന്നത് ഉച്ചയ്ക്ക് ശേഷം 1980 മോഡല്‍ മാരുതി 800 ഇല്‍ കാസറഗോഡ് പോയി സിനിമ കാണുക എന്നതാണ്. ഇല്ലെങ്കില്‍ വീട്ടിലേക്ക്.
അങ്ങിനെയിരിക്കുമ്പോള്‍ ആണ് വന്യ ജീവി വാരാഘോഷം വന്നത്. ഇടവപാതി തകര്‍ത്തു പെയ്യുന്ന സമയം. വല്ല സിനിമയ്ക്ക്‌ പോവുകയോ അതോ വീട്ടില്‍ ഇരുന്നു ഗെയിം കളിക്കുകയോ (കമ്പ്യൂട്ടര്‍ ഗയ്മുകളുടെ ആശാന്മാരാണ് ഉണ്ണിയും ഹിഷാമും) ചെയ്യേണ്ട സമയം. എന്റെ ഒരു ആഗ്രഹം - വന്യ ജീവി വാരാഘോഷം പ്രമാണിച്ച് നടക്കുന്ന ക്വിസ് മത്സരത്തില്‍ ഒന്ന് പങ്കെടുക്കണം. ആഗ്രഹം അറിയിച്ചു. ഓക്കേ അങ്ങിനെയെങ്ങില്‍ അങ്ങിനെ. പ്രസംഗ മത്സരത്തിനു ഉണ്ണിയും പോകാമെന്ന് വെച്ചു. ഷെഡ്യൂള്‍ ചെയ്തു. രാവിലെ ക്വിസ് - ടീം ഈവന്റ് ആണ്, ഞാനും ഉണ്ണിയും. ഉച്ചക്ക് ശേഷം പ്രസംഗം ഉണ്ണിയുടെ വക.

ഹൈ സ്കൂള്‍, പ്ലസ്‌ ടു കാലഘട്ടങ്ങളില്‍ ക്വിസ് മത്സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചതിന്റെ ആത്മവിശ്വാസം എന്നിലുണ്ട്. ജില്ലയിലെ മികച്ച പ്രാസംഗിഗന്‍ എന്ന വിശ്വാസം ഉണ്ണിക്കും. അങ്ങിനെ തുലാ മാസം ഏതോ ഒരു ദിവസം നമ്മുടെ 1980 മോഡല്‍ മാരുതി 800 ഇല്‍ (അരവിന്ദിന്റെ അമ്മാവന്റെ കാര്‍ ആണ്, നമ്മുടെ ഒരു പാട് കാശും അത് പോലെ യാത്രയും ചെയ്ത വാഹനം) നേരെ വിട്ടു വേദിയിലേക്ക്. പോകുന്ന വഴി ഉണ്ണി മനോരമ ഇയര്‍ ബുക്ക്‌ എടുത്തു വായിക്കാന്‍ തുടങ്ങി. എന്നോടൊരു ചോദ്യം ബെറി ബെറി എന്ന് പറഞ്ഞാല്‍ എന്ത്? ഏതോ ഭാഷയിലെ വേര്‍ഡ്‌ ആണ്. ഡേയ്, ഇതൊക്കെ പഠിച്ചിട്ടാണോ നീ ക്വിസ്സിനു പോകുന്നത്. ആകെ കൂടി പരിഹാസ രൂപേണ ഒരു ചോദ്യം. ഇതിന്റെ അര്‍ഥം പെയ്ന്‍ പെയ്ന്‍  അതായത് വേദന വേദന എന്ന് പറഞ്ഞു തന്നു. ഉണ്ണി ബുക്ക്‌ എടുത്തു മനോഹരമായി ബാക്ക് സീറ്റിലേക്ക് ഒരേറു. ഞാന്‍ കൊടുത്ത ആത്മവിശ്വാസം കൊണ്ടാണെന്ന് തോന്നുന്നു, ഉണ്ണിക്കും നല്ല ഉത്സാഹം.
വനം വകുപ്പിന്റെയോ ടൂറിസം വകുപ്പിന്റെയോ ആണെന്ന് ഓര്‍മയില്ല, ഏതോ ഒരു ഓഫീസിലേക്ക് പോയി. അവിടെയായിരുന്നു വേദി. എല്‍. ബി.എസ് എഞ്ചിനീയറിംഗ് കോളേജിനെ പ്രധിനിധീകരിച്ച് രണ്ടു പേര്‍ വന്നിട്ടുണ്ട്. എല്ലാവരും നമ്മളെ തന്നെ നോക്കുന്നു, ബഹുമാനം കൊണ്ടാണോ അതോ ഭയം കൊണ്ടാണോ അതോ എന്താണ് എന്നറിയില്ല. ബാക്കിയുള്ള ചെക്കന്മാരൊക്കെ വെറും ഹൈ സ്കൂള്‍ പ്ലസ്‌ ടു ചെക്കന്മാരും പെണ്ണുങ്ങളും. ഡേയ് ഈ മത്സരം നമ്മള്‍ പുഷ്പം പോലെ ജയിക്കും. എന്റെ വക വീണ്ടും കമന്റ്‌.
അങ്ങിനെ ക്വിസ് തുടങ്ങി. ഒന്നിന് പിറകെ ഓരോന്നായി ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ചോദ്യം കഴിഞ്ഞു ഉത്തരം പറയും, അപ്പോള്‍ ആ ഉത്തരം എഴുതിയവര്‍ എഴുന്നേറ്റു നിക്കണം. അപ്പോള്‍ ആ ടീമിന് ഒരു പോയിന്റ്‌. അങ്ങിനെ മൊത്തം 20 ചോദ്യങ്ങള്‍. ഏറ്റവും കൂടുതല്‍ കിട്ടുന്ന ടീമിന് സംസ്ഥാന ലെവലില്‍ മത്സരിക്കാം. ഓരോ ചോദ്യം കഴിയുംതോറും ചുറ്റുമുള്ള പീക്കിരി ചെക്കന്മാര്‍ എഴുന്നേറ്റു നില്‍ക്കുന്നത് മാത്രം കാണാം. അങ്ങിനെ 16 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ അക്കൌണ്ടില്‍ ഉള്ളത് ശൂന്യത, വട്ട പൂജ്യം. ആകെ കൂടി ചമ്മി നാണം കെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ബാക്കി എല്ലാ ടീമും മിനിമം 3 മാര്‍ക്ക് എങ്കിലും എടുത്തിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.
17 മത്തെ ചോദ്യം, ബെറി ബെറി എന്നതിന്റെ അര്‍ത്ഥം എന്താണ് (ശരിക്കും ചോദ്യം ബെറി ബെറി എന്ന ഏതോ ഒരു ഭാഷയിലെ വാക്യത്തിന്റെ മലയാളം അര്‍ത്ഥം എന്ത്?). ഒന്നും പറയേണ്ട ..നമ്മുടെ വികാരം മനസിലാക്കാമല്ലോ ..ഒരു മാര്‍ക്കാണ് മക്കളെ ...മാനക്കേട്‌ അങ്ങിനെ കഷ്ടിച്ച് ഒഴിവായി കിട്ടിയതിന്റെ സന്തോഷം. അങ്ങിനെ ഉത്തരം എഴുതി, ക്വിസ് മാസ്റ്റര്‍ ഉത്തരം പറഞ്ഞു. വേദന വേദന എന്ന് ആരെങ്ങിലും എഴുതിയിട്ടുണ്ടോ? ഉണ്ണി എഴുന്നേറ്റു, ഉണ്ണി മാത്രമേ എഴുന്നേട്ടുള്ളൂ, ആ ഉത്തരം എഴുതിയത് നമ്മള്‍ മാത്രം ആയിരുന്നു. അങ്ങിനെ 1 മാര്‍ക്ക് കിട്ടി. ആ ഒരു മാര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ താനും. ക്വിസ് കഴിഞ്ഞു ഇളിഭ്യരായി ഞാനും ഉണ്ണിയും പുറത്തിറങ്ങി. ഏതോ പയ്യന്മാര്‍ 18 മാര്‍ക്ക് നേടി സംസ്ഥാന ലെവലില്‍ മത്സരിക്കാന്‍ പോകുന്നു. പോടാ പോടാ....നീയൊക്കെ ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ..പോയി ജയിച്ചിട്ടു വാ...ഏട്ടന്മാര്‍ നിങ്ങള്‍ടെ വഴിക്ക് വരുന്നില്ല. അപ്പൊ തന്നെ അവിടുന്ന് നേരെ സ്ഥലം കാലിയാക്കി നമ്മള്‍. ഉണ്ണി പ്രസംഗം വേണ്ടെന്നു വെച്ചു. അതായിരുന്നു നമ്മുടെ അവസാനത്തെ ക്വിസ് മത്സരം (കോളേജിനു പുറത്തു) ഉണ്ണിയും അതിനു ശേഷം പ്രസങ്ങിക്കാന്‍ പോയിട്ടില്ല.
 
(വാല്‍ കഷ്ണം: ഹൈ സ്കൂള്‍ പ്ലസ്‌ ടു കാലഘട്ടങ്ങളില്‍ ഒരു പാട് ക്വിസ് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട് നമ്മള്‍, നമ്മളെക്കാള്‍ വലിയവരെ പരാജയപ്പെടുത്തിയായിരുന്നു അതില്‍ പലതും ജയിച്ചത്‌. അന്നൊക്കെ ആലോചിച്ചിരുന്നു, ഇവരൊക്കെ വലുതല്ലേ എന്തെ ഒന്നും അറിയില്ലേ എന്ന്. ആ ദിവസം മനസിലായി ഹൈ സ്കൂള്‍ പ്ലസ്‌ ടു കാലത്താണ് ഒരാള്‍ ഇപ്പോഴും അപ്പ്‌ഡേറ്റട് ആയിരിക്കുക എന്ന്, വെല്‍ അറ്റ്ലീസ്റ്റ് ഇന്‍ മൈ കേസ് :).

ഉണ്ണിയും ഞാനും ഇന്‍ റേബാന്‍ 

Monday, June 13, 2011

ലാലേട്ടാ യു ഡിഡ് ഇറ്റ്‌.....

അങ്ങിനെ നമ്മുടെ ലാലേട്ടന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ബോറന്‍ നടന്‍ എന്ന പുരസ്കാരം കിട്ടിയത് നിങ്ങള്‍ എല്ലാരും അറിഞ്ഞല്ലോ. ഇത് എപ്പോ കിട്ടും എപ്പോ കിട്ടും എന്ന് ചോദിച്ചു വാങ്ങുന്ന തരത്തില്‍ ഉള്ള സിനിമകള്‍ ആണ് നമ്മുടെ ലാലു ചേട്ടന്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഇത് വരെയും ചെയ്തു കൂട്ടിയിരിക്കുന്നത്.
ശരീരത്തിന്റെ പരിമിതികളെ മറികടന്നു കഥാപത്രമാവാനുള്ള ലാലേട്ടന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ തരമില്ല. ഉന്നൈ പോല്‍ ഒരുവന്‍, ഭ്രമരം,ഇവിടം സ്വര്‍ഗമാണ്തുടങ്ങിയ വിരലില്‍ പോലും തികയ്ക്കാന്‍ പറ്റാത്ത നല്ല പടങ്ങള്‍ മാത്രമാണ്കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള ലാലേട്ടന്റെ സംഭാവന.ശക്തമായ തിരക്കഥയും അത്ര തന്നെ നല്ല സംവിധായകനും ഉണ്ടെങ്കിലെ ലാലേട്ടന് ഇപ്പോള്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നുള്ളൂ. തന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഏതൊരു ശരാശരി തിരക്കഥയും തന്റെ അഭിനയ മികവു കൊണ്ട് നല്ലൊരു സിനിമ ആക്കാനുള്ള സിദ്ധി ലാലേട്ടന് ഇപ്പോള്‍ കൈമോശം വന്നിരിക്കുന്നു.
ഇതേ പോലെ സംഭവിച്ച വേറൊരു നടനാണ്‌ ജഗദീഷ്. ഗോഡ്ഫാദര്‍, ഇന്‍ ഹരി ഹര്‍ നഗര്‍ എന്ന സിനിമകളിലൊക്കെ ജഗദീഷ് എന്ന നടന്‍ കാഴ്ച വെച്ച പെര്‍ഫോമന്‍സ് ഇപ്പോഴും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു. ആ അഭിനയ ശേഷിയുടെ ഏഴയലത്ത് പോലും എത്താത്ത പ്രകടനമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജഗദീഷ് ചെയ്തു കൊണ്ടിരിക്കുന്നത്.
കാണ്ഡഹാര്‍ എന്ന സിനിമയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജന രോഷം ഉയര്‍ത്തിയ സിനിമ എന്ന അവാര്‍ഡ്‌ കിട്ടിയത്;കാണ്ഡഹാര്‍, മേജര്‍ രവി ഇത് അര്‍ഹിച്ച അവാര്‍ഡ്‌ തന്നെയാണ്. വളരെ നിലവാരം കുറഞ്ഞ ഗാനങ്ങളും സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത സെന്റിമെന്റ് സീനുകളും ഒക്കെ കൂടി ഈ ചിത്രത്തെ കൊല്ലുകയായിരുന്നു.
മമ്മൂട്ടി കുറച്ചു കൂടി നല്ല സിനിമകള്‍ കഴിഞ്ഞ വര്‍ഷം ചെയ്തു. ലാലേട്ടനും മമ്മൂക്കയും തന്നെയാണ് ഇപ്പോഴും കേരളത്തിലെ താര രാജാക്കന്മാര്‍. രണ്ടു പേരെയും താരതമ്യം ചെയുമ്പോള്‍, കുറച്ചെങ്കിലും ഭേദം മമ്മൂക്ക തന്നെ.
ശരീര സൌകുമാര്യം കാത്തു സൂക്ഷിക്കുന്ന മമ്മൂക്കയുടെ സ്ക്രീന്‍ പ്രസന്‍സ് അദ്ധേഹത്തിന്റെ പ്ലസ്‌ പോയിന്റ്‌ ആണ്. ലാലേട്ടന് നഷ്ടപ്പെട്ടതില്‍ പ്രധാനവും ഇത് തന്നെ. കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ സ്ക്രീനില്‍ ലാലേട്ടനെ നോക്കാന്‍ തോന്നുമായിരുന്നു. കണ്ണെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ അങ്ങിനെയല്ല.
ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആണ്. ഒരു ഫാന്‍സ്‌ അസോസിയേഷനിലും അംഗമല്ല. ഇപ്പോഴും ലാലേട്ടന്റെ മിക്ക സിനിമകള്‍ക്കും പോകാറുണ്ട്. അങ്ങിനെ പോയതാണ് ക്രിസ്ത്യന്‍ സഹോദരന്മാര്‍ അടക്കം. ഇനിയും പോകും, പോകേണ്ട പോകേണ്ട എന്ന് വിചാരിക്കും, പക്ഷെ അവസാനം പോകും. ക്ഷമിക്കുക നല്ല സിനിമകള്‍ താരങ്ങളെ നോക്കാതെ പ്രോത്സാഹിപ്പിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം, പക്ഷെ ലാലേട്ടനെ ഇഷ്ടപ്പെട്ടു പോയി. അത് കൊണ്ടാണ്. നമ്മള്‍ കാണിക്കുന്ന ഇഷ്ടം ലാലേട്ടന്‍ തിരിച്ചു തരും എന്ന് പ്രതീക്ഷിക്കുന്നു.

Wednesday, June 08, 2011

ശ്രീ പത്മനാഭാ....

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ 'തല' എന്ന് എല്ലാവരും വിശ്വസിക്കുന്ന അനന്തപുരം തടാക ക്ഷേത്രത്തിന്റെ കുറച്ചു ഫോട്ടോസ് ആണിത്. എന്റെ നാട്ടിലെ (കാസറഗോഡ് ജില്ല ) കുമ്പള എന്ന് പറയുന്ന സ്ഥലത്ത് നിന്ന് ഏകദേശം 5 km ദൂരത്താണ് കേരളത്തിലെ ഈ ഏക തടാക ക്ഷേത്രം. എന്ത് കൊണ്ടാണ് ഇതിനെ തടാക ക്ഷേത്രം എന്ന് പറയുന്നു എന്നറിയില്ല. ഒരു കുളത്തിന് നടുവില്‍ ആണ് ഇത് സ്ഥിതി ചെയുന്നത്. 

എന്നും വൈകുന്നേരങ്ങളില്‍ കുളത്തിന്റെ ഒരു മറവില്‍ കഴിയുന്ന മുതല പുറത്തിറങ്ങുന്ന കാഴ്ച ഇവിടെ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.  


ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കിയിട്ടും ഈ ക്ഷേത്രത്തിന്റെ കുറച്ചു മനോഹരമായ ചിത്രങ്ങള്‍ കിട്ടിയില്ല. അത് കൊണ്ട് പോസ്റ്റ്‌ ചെയുന്നു. വളരെ മനോഹരമായ ക്ഷേത്രമാണ്. എല്ലാവരും വന്നു കണ്ടിരിക്കേണ്ട സ്ഥലവും. ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ ഇവിടുത്തെ ചൂട് കേരളത്തിലെ തന്നെ മറ്റുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും കൂടുതലായിരിക്കും. സെപ്റ്റംബര്‍ - ജനുവരി മാസങ്ങള്‍ ആണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.





ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്റെ സുഹൃത്ത്‌ തുളസീധരന്‍ മുണ്ടാത്ത്.

Sunday, May 15, 2011

അക്ഷയ തൃതീയ

കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തഴച്ചു വളരുന്ന മേഖലയാണ് സ്വര്‍ണ കച്ചവടവും ഗാര്‍മെന്റ്സ് കച്ചവടവും. 'വിശ്വാസം അതല്ലേ എല്ലാം' എന്നതും 'ഇത് പൊന്നില്‍ തീര്‍ത്ത ബന്ധം' എന്നതെല്ലാം ഇപ്പോള്‍ ഓരോ മലയാളിയുടെയും നാവിന്‍ തുമ്പത്തുണ്ട്. കുടുംബ ബന്ധങ്ങള്‍ വരെ സ്വര്‍ണത്തില്‍ കേന്ദ്രീകരിച്ചാണ് എന്ന ഒരു ഇന്നെര്‍ തോട്ട് മലയാളി മനസുകളില്‍ ഇന്ജക്ക്റ്റ് ചെയ്യാന്‍ ഈ രംഗത്തുള്ളവര്‍ക്ക് സാധിച്ചിട്ടുണ്ട്. 

എന്താണ് അക്ഷയ തൃതീയ - അക്ഷയം എന്നത് പുരാണത്തില്‍ ശ്രീകൃഷ്ണന്‍ പാണ്ഡവ൪ക്ക് കൊടുത്ത പാത്രം. ഒരിക്കലും വറ്റാത്ത പാത്രം, പക്ഷെ എന്തെങ്ങിലും വസ്തുക്കള്‍ അതില്‍ വേണം താനും. തൃതീയ എന്നത് തമിള്‍ കലണ്ടറിലെ  ചിത്തിര മാസത്തില്‍ (മേട മാസം, വൈശാഖ മാസം) കാണപ്പെടുന്ന ഒരു നക്ഷത്രവും.അക്ഷയ തൃതീയ ദിനത്തില്‍ എന്തെങ്ങിലും തുടങ്ങിയാല്‍ അത് വളര്‍ന്ന കൊണ്ടേ ഇരിക്കും എന്നുള്ളത് പണ്ടേ ഉള്ള വിശ്വാസമാണ്. 

(ചിത്രത്തിന്റെ കോപ്പി റൈറ്റ് എന്റേതല്ല)

കേരളത്തില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നത് ഒരു അപൂര്‍വത മാത്രമായിരുന്നു എന്നാണ് എന്റെ അറിവ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഇങ്ങിനെയൊരു ദിവസം സ്വര്‍ണം വാങ്ങാന്‍ മഹത്തരം എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത്. ബാങ്കുകള്‍ ഇതിനു വേണ്ടി പ്രത്യേക ഓഫറുകളും ലോണും ഒക്കെ പ്രഖ്യാപിക്കുന്നതും കണ്ടു. സ്വര്‍ണ വില കൂടാന്‍ ഇതൊരു കാരണം അല്ലെങ്കിലും, പല കുടുംബങ്ങളും സ്വന്തം സാമ്പത്തിക നിലക്കും അപ്പുറത്ത് ഈ മാധ്യമ പ്രചാരണത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വലയില്‍ വീണ്, കട ബാധ്യത കേറി ജീവിതം വഴി മുട്ടി പോകുന്ന കാഴ്ചകള്‍ പല ഇടത്തും കാണാന്‍ പറ്റും. 

അക്ഷയ തൃതീയ എന്ന ഈ വിശ്വാസത്തെ വളരെ മനോഹരമായി വാണിജ്യ വത്കരിക്കുന്നതില്‍ സ്വര്‍ണ കച്ചവടക്കാരും, ബാങ്കുകളും വിജയിച്ചു എന്നതാണ് സത്യം. അവരുടെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ അഭിനന്ദനീയമാണ് ഈ നേട്ടം. പക്ഷെ കട ബാധ്യത വരുന്ന തരത്തില്‍ സ്വര്‍ണം വാങ്ങാന്‍ തത്രപ്പെടുന്ന മലയാളികളെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. എന്ത് കൊണ്ടാണ് ഇത്ര എളുപ്പം കേരളീയര്‍ അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാവുന്നത് എന്ന ചോദ്യം ഉയര്‍ത്തി കൊണ്ട് അക്ഷയ തൃതീയ ദിനത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷദ് നടത്തിയ 'നിങ്ങളെന്നെ കള്ളനാക്കി' എന്ന നാടകം സന്ദര്‍ബോചിതമായ ഇടപെടല്‍ തന്നെ ആയിരുന്നു. 

സ്വര്‍ണം ഇന്ന് മലയാളിയുടെ സ്റ്റാറ്റസ് സിംബല്‍ ആയി മാറി കഴിഞ്ഞു. വില എത്ര കൂടിയാലും ഒരു കല്യാണത്തിന് വധുവിന്റെ വീട്ടുക്കാര്‍ സ്വര്‍ണത്തിന് വേണ്ടി ചിലവഴിക്കുന്നതായാലും, അതല്ല സ്ത്രീധനം എന്ന തരം താണ  ഏര്‍പ്പാടില്‍ വരന് വേണ്ടി കൊടുക്കേണ്ടി വരുന്ന സ്വര്‍ണമായാലും, അതിനു വേണ്ടി ചിലവഴിക്കുന്ന തുക കണ്ണഞ്ചിപ്പിക്കുന്നതാണ് . 

Thursday, April 07, 2011

സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തിനു വേണ്ടി അലമുറി കൂട്ടിയ ഒരു ലിബിയയിലെ ഒരു വനിതയെ ആദ്യം റേപ് ചെയുകയും അത് പരാതിപെടാന്‍ പോയപ്പോള്‍ അവരുടെ നേര്‍ക്ക്‌ പോലീസ് തോക്ക് ചൂണ്ടുകയും ചെയ്തു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലാണ് സംഭവം നടന്നത്. സ്കൈ ന്യൂസ്‌ ആണ് സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

സംഭവം നടന്നത് - ലിബിയയിലെ ഗദ്ദാഫി ഭരണകൂടത്തിന്റെ നിരന്തരമായ സെ൯സറിങ്ങിനു വിധേയരാവുന്ന വിദേശ പത്ര പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടല്‍ലേക്ക് ഓടി കയറിയ സ്ത്രീ തനിക്കു ഗദ്ദാഫി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള സര്‍ക്കാര്‍ ഒഫിഷ്യലുകളുടെ ഭാഗത്ത്‌ നിന്നും തനിക്കു  നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞു. വിമതരുടെ നിയന്ത്രണത്തില്‍ ഉള്ള ബെന്ഘാസി യില്‍ നിന്നും വന്ന തന്നെ രണ്ടു ദിവസം ബന്ധിയാക്കിയ ഇവര്‍, ക്രൂരമായി മ൪ദ്ധിച്ചതായും ബലാത്സംഗം ചെയ്തതായും ഈ സ്ത്രീ അലമുറയിട്ടു കൊണ്ട് പറഞ്ഞു.

ബഹളം കേട്ട് വന്ന ഗദ്ദാഫിയുടെ പോലീസ് ഇവരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയാണ് ഉണ്ടായത്.ഇത് ഷൂട്ട്‌ ചെയ്യാന്‍ ശ്രേമിച്ച സ്കൈ ന്യൂസ്‌ റിപ്പോര്‍ട്ടരുടെ ക്യാമറ തകര്‍ക്കുകയും സംഘത്തിനു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.സ്വേച്ചാധിപത്യ ഭരണകൂടങ്ങളില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് അടിച്ചമര്‍ത്തല്‍. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ, ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെ, യാത്ര സ്വാതന്ത്ര്യം ഇല്ലാതെ നരകിക്കേണ്ടി വരുന്ന മനുഷ്യര്‍ ആണ് ഈ ഭരണകൂടങ്ങളുടെ മുഖമുദ്ര. ശാക്തീകരിക്കപ്പെട്ട ജനങ്ങള്‍ ഉള്ള സമൂഹത്തിനു മാത്രമേ പുരോഗതി കൈ വരിക്കാന്‍ പറ്റൂ.. പ്രത്യേകിച്ചും ശാക്തീകരിക്കപെട്ട സ്ത്രീ സമൂഹം ...ലോകത്ത് നിലനില്‍ക്കുന്ന സ്വേച്ചാധിപത്യ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീഴട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട്....